കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി

കൊച്ചി: എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ കൊച്ചിയിലെ ഓഫീസിലാണ് വിജിലൻസ് സംഘമെത്തിയത്. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിൻ്റെ ഭാഗമായി നോട്ടീസ് നൽകാനാണ് വിജിലൻസ് ഓഫീസിൽ സംഘമെത്തിയത്. വിജിലൻസ് കേസിലെ പരാതിക്കാരനെതിരെ ഇഡി നേരത്തെ രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിന്റെ വിശദാംശങ്ങൾ ലഭിക്കാനാണ് നോട്ടീസ് നൽകിയതെന്ന് വിജിലൻസ് എസ്‌പി എസ് ശശിധരൻ പറഞ്ഞു.
കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരായ ഇഡി കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തത്. തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വിൽസനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയിൽ ശേഖർ കുമാറിനെതിരെ പരാമർശവും ഉണ്ട്. ഇഡി ഉദ്യോഗസ്ഥനായ ശേഖർ കുമാറും രണ്ടാം പ്രതി വിൽസനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും ഇതിന് പുറമെ മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലൻസ് നിലവിലെ കണ്ടെത്തൽ.