കൊല്ലത്തെ എറിഞ്ഞു വീഴ്ത്തി കപ്പടിച്ച് കൊച്ചി

തിരുവനന്തപുരം: നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി കൊച്ചി ബ്ലൂടൈഗേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂടൈഗേഴ്സ് നിശ്ചിത ഓവറില്‍ എടുത്തത് 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ്. വിജയവും തുടരെ രണ്ടാം കിരീടവും തേടിയിറങ്ങിയ കൊല്ലത്തിന്റെ പോരാട്ടം 106 റണ്‍സില്‍ അവസാനിച്ചു. കൊച്ചിയുടെ കന്നി കിരീട നേട്ടമാണിത്. 75 റണ്‍സിന്റെ മിന്നും ജയമാണ് കൊച്ചി ഫൈനലില്‍ സ്വന്തമാക്കിയത്. ഏരീസിന്റെ ബാറ്റര്‍മാര്‍ വെറും 16.3 ഓവറില്‍ കൂടാരം കയറി. കൊച്ചിക്കായി ജെറിന്‍ പിഎസ് 4 ഓവരില്‍ 21 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ സാലി സാംസണ്‍, കെഎം ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ആഷിഖ് 1.3 ഓവറില്‍ വെറും 3 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 2 വിക്കറ്റെടുത്തത്.
ടോസ് നേടി ഏരീസ് കൊല്ലം കൊച്ചിയെ ബാറ്റിങിനു വിടുകയായിരുന്നു. ഓപ്പണര്‍ വിനൂപ് മനോഹരന്‍ അതിവേഗ തുടക്കമാണ് കൊച്ചിക്കു നല്‍കിയത്. എന്നാല്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊച്ചിക്ക് നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായത് തിരിച്ചടിയായി. പിന്നീട് ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് കൊച്ചിയെ നയിച്ചത്.
വിനൂപ് മനോഹരന്‍ 30 പന്തില്‍ 4 സിക്സും 9 ഫോറും സഹിതം 70 റണ്‍സടിച്ചു. ആല്‍ഫി പുറത്താകാതെ 25 പന്തില്‍ 47 റണ്‍സും കണ്ടെത്തി. താരം 5 ഫോറും 3 സിക്സും പറത്തി.
ഏരീസ് കൊല്ലത്തിനായി പവന്‍ രാജ്, ഷറഫുദ്ദീന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമല്‍, വിജയ് വിശ്വനാഥ്, എസ് അഖില്‍, അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു. ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടങ്ങല്‍ക്കായി യുഎഇയിലേക്ക് പറന്നതിനാല്‍ ഫൈനല്‍ കളിക്കാന്‍ സഞ്ജു സാംസണ് സാധിച്ചില്ല. എന്നാല്‍ കൊച്ചിയുടെ കരീട നേട്ടത്തില്‍ ഒരു സെഞ്ച്വറിയുള്‍പ്പെടെ മിന്നും ബാറ്റിങ് പുറത്തെടുത്ത സഞ്ജുവിനും അഭിമാനിക്കാന്‍ വകയുണ്ട്. താരത്തിന്റെ ഉള്‍പ്പെടെ കരുത്തിലാണ് ടീം ഫൈനലുറപ്പിച്ചത്.
വിജയം തേടിയിറങ്ങിയ കൊല്ലത്തിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 9ാം സ്ഥാനത്തിറങ്ങിയ വിജയ് വിശ്വനാഥാണ് ടോപ് സ്‌കോറര്‍. താരം 23 റണ്‍സെടുത്തു. സച്ചിന്‍ ബേബി 17 റണ്‍സെടുത്തു. കൂറ്റനടിക്കാരനായ വിഷ്ണു വിനോദ് 10 റണ്‍സില്‍ പുറത്തായതും ഏരീസിനു തിരിച്ചടിയായി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.