കൊച്ചി ബാർ വെടിവയ്പ്പ്: മുഖ്യപ്രതി പിടിയിൽ
കൊച്ചി: കതൃക്കടവില്‍ ബാറിലുണ്ടായ വെടിവയ്പ്പിൽ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് പിടികൂടിയത്. ബുധനാഴ്ച രാത്രിയോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വെടിവെപ്പിനായി ഉപയോഗിച്ച തോക്കും വിനീത് വിജയന്‍റേതാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കൂടാതെ, ഇയാൾ മുമ്പും പല കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
കേസിലെ മറ്റു 3 പ്രതികളെ മൂവാറ്റുപുഴ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച 5 പേരെയും പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. ഫെബ്രുവരി 11 രാത്രി 11.30 ഓടെയായിരുന്നു തൃക്കടവിലെ ഇടശ്ശേരി ബാറിന് മുന്നില്‍ വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ ബാര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.