മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത’

0
ATHULYA

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് ദുരൂഹത ഉണ്ടെന്നും ഒന്നുകില്‍ കൊലപാതകമാകുമെന്നും അല്ലെങ്കില്‍ തന്നെ പേടിപ്പിക്കാന്‍ ചെയ്തതാവാമെന്നും പറഞ്ഞു.

അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്‌കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് സതീശ് പറഞ്ഞു. അതുല്യ മരിച്ചതിന് ശേഷം താനും അതേ ഫാനില്‍ തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും തൂങ്ങിനിന്നാല്‍ കാല്‍ കിടക്കയില്‍ തട്ടുമെന്നും സതീഷ് പറഞ്ഞു. ‘അവളുടെ കൈയില്‍ ഒരു ബട്ടന്‍സും ഉണ്ടായിരുന്നു. അത് എന്റേതല്ല. ഇക്കാര്യങ്ങളെല്ലാം തെളിയണം. കാമറ പരിശോധിക്കണം. എന്റെ പ്രശ്നങ്ങളെ തുടര്‍ന്നാണ് അവള്‍ ആത്മഹത്യ ചെയ്തതെങ്കില്‍ ഇത് ദുബായി ആണ് അവള്‍ക്ക് ഇട്ടിട്ട് പോകാമായിരുന്നുവെന്നും സതീശ് പറഞ്ഞു.

‘രണ്ട് മൂന്ന് കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് കഴിഞ്ഞ നവംബറില്‍ അതുല്യ ഗര്‍ഭിണിയായി. അവള്‍ നാട്ടിലേക്ക് പോയി എന്റെ അനുവാദമില്ലാതെ ഗര്‍ഭം അലസിപ്പിച്ചു. അതിനു ശേഷം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, നിങ്ങള്‍ക്ക് 40 വയസ്സായി. നിങ്ങള്‍ ഒരു ഷുഗര്‍ രോഗിയാണ്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാന്‍ എനിക്കാകില്ല. കുഞ്ഞായി കഴിഞ്ഞാല്‍ മറ്റൊന്നിനും സാധിക്കില്ല എന്ന്. ഇക്കാര്യം ഞാന്‍ അവളോട് നിരന്തം ചോദിക്കാറുണ്ടായിരുന്നു. കൃത്യമായ മറുപടി അവള്‍ ഇതുവരെ നല്‍കിയിട്ടില്ല’ സതീഷ് പറഞ്ഞു.

വാരാന്ത്യം ആയതുകൊണ്ട് ഇന്നലെ അജ്മാനിലുള്ള ഒരു സുഹൃത്ത് പാര്‍ട്ടിക്കായി വിളിച്ചു. ഞാന്‍ പുറത്ത് പോയി. ഈ സമയത്ത് അവള്‍ ഒരുപാട് വിളിച്ചിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറുണ്ട്. പുറത്ത് പോകുമ്പോഴെല്ലാം ഒരുപാട് തവണ വിളിച്ചുകൊണ്ടിരിക്കും. ഇന്നലെ ഇതുപോലെ കോളുകള്‍ വന്നപ്പോള്‍ ഞാന്‍ കട്ടാക്കി. ഒടുവില്‍ വിഡിയോകോളില്‍ ഫാനൊക്കെ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. അതോടെ ഞാന്‍ പെട്ടെന്ന് ഓടി ഇവിടേക്കെത്തി. അപ്പോള്‍ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഉടന്‍ പൊലീസിനെയും മറ്റുള്ളവരെയും വിവരം അറിയിച്ചെന്നും സതീശ് പറയുന്നു. താന്‍ മദ്യപിക്കാറുണ്ടെന്നും അതുല്യയെ മര്‍ദിക്കാറുണ്ടെന്നും വിശദീകരണത്തിനിടെ സതീശ് പറഞ്ഞു. സാമ്പത്തികമാണ് തന്റെ പ്രശ്നമെന്ന് പറയുന്നവരുണ്ട്. 9500 ദിര്‍ഹം ശമ്പളമുണ്ട്. അതുകൊണ്ട് സാമ്പത്തിക കാര്യത്തിന് അതുല്യയെ ഉപദ്രവിച്ചിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിന് ശരിവെക്കുന്ന വാട്സാപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സതീശ് വിശദീകരണവുമായി രംഗത്തെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *