കെ എം സി സി നാഷണൽ സോക്കർ : ബദറും ഖാലിദിയ്യയും സെമിയിൽ ഏറ്റ് മുട്ടും
ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ദിമ ടിഷ്യൂ ഖാലിദിയ്യ എഫ്സിയും തമ്മിൽ ഏറ്റ് മുട്ടും. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയഷൻ്റെ സഹകരണത്തോട് കൂടി അൽതറജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റിയാദിലെ ഫുട്ബോൾ അധികായൻമാരായ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യയുടെയും, കറിപോട്ട് ഫോക്കസ് ലൈൻ എഫ്സിയുടെയും വെല്ല് വിളികളെ അതിജയിച്ചാണ് ദമ്മാമിൻ്റെ ഇരു ടീമുകളും സെമി ഫൈനലിലേക്ക് കടന്നത്.
ദമ്മാമിലെ ഫുട്ബോൾ പ്രേമികളുടെ ആവേശാരവങ്ങളോട് കൂടി വെള്ളിയാഴ്ച അൽ-തറജിൽ നടന്ന ആദ്യ മത്സരത്തിൽ ഖാലിദിയ്യയും ഫോക്കസ് ലൈൻ എഫ്സിയും കനത്ത പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്. ഇരുഭാഗത്തും പ്രതിരോധവും ആക്രമണവും ഒരു പോലെ ശക്തമാക്കി പൊരുതിയപ്പോൾ മത്സരഫലം ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനിലയിലായി. ആദ്യ പകുതിയുടെ ഇരുപത്തി രണ്ടാം മിനുട്ടിൽ യാസർ ഖാലിദിയ്യക്കായി ആദ്യം സ്കോർ ചെയ്തപ്പോൾ ഏറെ വൈകാതെ മുപ്പത്തി ഏഴാം മിനുട്ടിൽ ക്യാപ്റ്റൻ അബ്ബാസ് ഫോക്കസ് ലൈനിനായി ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ കളി തുടങ്ങി അൻപത്തി അഞ്ചാം മിനുട്ടിൽ ജസീം ഖാലിദിയ്യക്കായി ലീഡ് നേടിയെങ്കിലും, പത്ത് മിനുട്ടിനകം ഒരിക്കൽ കൂടി പോരാട്ടം ശക്തമാക്കിയ ഫോക്കസ് ലൈൻ മഹ്റോഫിൻ്റെ തകർപ്പൻ ഫിനിഷിങ്ങിലൂടെ മത്സരം സമനിലയിലാക്കി.
ഇതോട് കൂടി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളിയും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഖാലിദിയ്യ സെമിയിലേക്ക് കടന്നപ്പോൾ, മൂന്ന് കളികളിൽ നിന്നായി രണ്ട് സമനിലയും ഒരു തോൽവിയുമായി ഫോക്കസ് ലൈൻ പുറത്തായി. മത്സരത്തിൽ ഫോക്കസ് ലൈനിനായി മികച്ച പ്രകടനം നടത്തിയ ക്യാപ്റ്റൻ അബ്ബാസ് ആണ് പ്ലയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ‘ഡെത്ത് ക്വോർട്ടർ, വിശേഷണവുമായി നടന്ന രണ്ടാം മത്സരത്തിൽ കനത്ത വെല്ല് വിളിയുയർത്തിയ യൂത്ത് ഇന്ത്യാ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബദർ എഫ്സി സെമിയിലേക്ക് കടന്നത്.
ആക്രമണ പ്രത്യാക്രമണങ്ങളുടെ തിരമാലകൾ ഏറെ കണ്ട മത്സരത്തിൻ്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ കെ എസ് ഇ ബി താരം സഫ് വാൻ്റെ ത്രൂപാസ് സ്വീകരിച്ച് ഒറ്റക്ക് മുന്നേറി ഹസ്സൻ മുസ്ലിയാരകത്ത് ആണ് ബദറിനായി നിർണ്ണായക ഗോൾ നേടിയത്. ടൂർണ്ണമെൻ്റിൽ ഹസ്സൻ്റെ തുടർച്ചയായ മൂന്നാം ഗോൾ ആയിരുന്നു ഇത്. ഗോൾ മടക്കാനായി യൂത്ത് ഇന്ത്യ രാജുവിൻ്റെയും, അജിത്ശിവൻ്റേയും, അഖിലിൻ്റെയും ഒക്കെ നേതൃത്വത്തിൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡിഫൻസിൽ അനസ് – റഫീഖ് എന്നിവരും, ഗോൾബാറിന് കീഴിൽ സാദിഖും ഉരുക്ക് കോട്ട കണക്കേ നിൽപ്പുറപ്പിച്ചതോടെ വിജയം ബദറിനൊപ്പം നിന്നു. ബദറിനായി ഗോൾ നേടിയ ഹസ്സനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.
ദമ്മാമിലെ രണ്ടാം വാരാന്ത്യത്തിലേ മത്സരങ്ങൾ സൗദി കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ ഉൽഘാടനം ചെയ്തു. സൗദി നാഷണൽ ബാങ്ക് ഇന്ത്യൻ കമ്മ്യൂണിറ്റി മാനേജർ ഹൈദർ അൽ ഷൈഖ്, നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ആലിക്കുട്ടി ഒളവട്ടൂർ, മുജീബ് ഉപ്പട, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല ഈസ്റ്റേൺ പ്രൊവിൻസ് ഓർഗ സെക്രട്ടറി റഹ്‌മാൻ കാരയാട് വൈസ് പ്രസിഡന്റ് മാരായ ഖാദർ മാസ്റ്റർ വാണിയമ്പലം, അബ്ദുൽ മജീദ് കൊടുവള്ളി, അമീർ അലി കൊയിലാണ്ടി, അസീസ് എരിവാട്ടി, സെക്രട്ടറിമാരായ ഒ. പി ഹബീബ്, ടി.ടി കരീം വിവിധ സെൻട്രൽ – ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹമീദ് വടകര, മുജീബ് കൊളത്തൂർ, ഹുസൈൻ വേങ്ങര, ജൗഹർ കുനിയിൽ, ജമാൽ മീനങ്ങാടി, മുഷ്താഖ് പേങ്ങാട്, ജുനൈദ് കാസർകോട്, സമദ് വേങ്ങര, ഫഹദ് കൊടിഞ്ഞി, ഖാദർ അണങ്കൂർ, ഷെരീഫ് പാറപ്പുറത്ത്, അസീസ് കാരാട്, ജമാൽ ആലമ്പാടി, അമീൻ കളിയിക്കാവിള, കലാം മീൻചന്ത ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര, ഇന്ത്യൻ ഡോക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ ഇസ്മായിൽ, തമിഴ് കമ്മ്യൂണിറ്റി പ്രതിനിധി ഉമാശങ്കർ, മാധ്യമപ്രവർത്തകൻ മുജീബ് കളത്തിൽ, മുൻ ഡിഫ പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. സഹീർ മുസ്ലിയാരങ്ങാടി അവതാരകനായിരുന്നു. ഡിഫ കോർ കമ്മിറ്റി അംഗങ്ങളായ ഫസൽ ജിഫ്രി, അബ്ദുൾ റഷീദ്, ലയാൻ ഹൈപ്പർ മാർക്കറ്റ് അഡ്മിൻ മാനേജർ അഷ്റഫ് ആളത്ത്, പർച്ചേഴ്സ് മാനേജർ ഷഫീർ, ബഷീർ ഷഹബാസ്- (ഫഫബേക്കറി), അബ്ദുൾ കബീർ മച്ചിഞ്ചേരി കെൻസോടെക്, അഷ്റഫ് കുന്നുമ്മൽ, മരക്കാർഹാജി, റഹ്മത്ത്,(ബി ടീം), തുടങ്ങിയവർ കളിക്കാരുമായി പരിജയപ്പെട്ടു. സ്വദേശി റഫറിമാരായ ഫൈസൽ അൽ-ഖാലിദി, ഖാലിദ് അൽ ഖാലിദി, വാഹിൽ അൽ ഫൈഹാനി, അബ്ദുറഹ്മാൻ വാണിയമ്പലം എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. ഡിഫ കോർ- ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ഷഫീർ മണലോടി, റഷീദ് ചേന്ദമംഗല്ലൂർ, ഫസൽ ജിഫ്രി, ഫവാസ് കോഴിക്കോട് എന്നിവർ മത്സരങ്ങൾ നിരീക്ഷിച്ചു. ആസിഫ് മേലങ്ങാടി, ഫസൽ മഞ്ചേരി, ഹുസൈൻ ചേലേമ്പ്ര, റിയാസ് വണ്ടൂർ നൗഷാദ് തിരുവനന്തപുരം, ബഷീർ വെട്ടുപാറ, നൗഷാദ് കെ എസ് പുരം, ശംസുദ്ധീൻ പള്ളിയാളി, അറഫാത്ത് കാസർഗോഡ്, മുഹമ്മദ് കരിങ്കപ്പാറ, ഷബീർ തേഞ്ഞിപ്പലം, ബൈജു കുട്ടനാട്, അബ്ദു റഹ്‌മാൻ താനൂർ, അലി ബായ് ഊരകം തുടങ്ങിയവർ നേതൃത്വം നൽകി.