കെ.എം.സി.സി. നാഷണൽ സോക്കർ – ദമ്മാമിൽ വർണ്ണാഭമായ തുടക്കം – ഖാലിദിയ്യക്കും, യൂത്ത് ഇന്ത്യക്കും തകർപ്പൻ ജയം
ദമ്മാം: സൗദി അറേബ്യയിലെ പ്രവാസി കായിക മേഖലയിൽ പുതുചരിത്രമെഴുതി ചേർത്ത് കെ.എം.സി.സി നാഷണൽ കമ്മിറ്റി കായിക വിഭാകം സംഘടിപ്പിച്ച സി ഹാഷിം എൻജിനീയർ സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ ദമ്മാമിലെ മത്സരങ്ങൾക്ക് അൽ-തറജ് സ്റ്റേഡിയത്തിൽ ഉജ്ജ്വലമായ തുടക്കം. സൗദി കിഴക്കൻ പ്രവിശ്യ പ്രവാസ ലോകം കണ്ട വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയുടെയും, കലാ കായിക പ്രകടനങ്ങളുടെയും വിദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി അരങ്ങേറിയ മത്സരത്തിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനും, ദിമ ടിഷ്യു ഖാലിദിയ്യക്കും തകർപ്പൻ ജയം.
ദമ്മാമിലെ അൽതറജ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് കാണികളെ സാക്ഷിയാക്കി അരങ്ങേറിയ റിയാദ്-ഡർബി പോരാട്ടത്തിൽ കറിപോട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി.ക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു യൂത്ത് ഇന്ത്യയുടെ വിജയം. യൂത്ത് ഇന്ത്യക്കായി ഹാട്രിക് ഗോൾ നേടിയ രാജുവാണ് ടീമിൻ്റെ വിജയശിൽപ്പി. മിഡ്ഫീൽഡിൽ മുഫീദ് ഷഹൽ, ഫത്തീൻ, മുബാറക്ക്, അബ്ബാസ്, ഡാനിഷ്, തുടങ്ങിയ മികച്ചതാരങ്ങൾ തുടക്കത്തിൽ റോയൽ ഫോക്കസ് ലൈൻ എഫ്.സി ക്കായി മികവാർന്ന മുന്നേറ്റങ്ങൾ നടത്തിയെങ്കിലും, ഗോൾ കീപ്പർ ഷാമിലിൻ്റെയും, ഡിഫൻസ് നിരയിൽ തകർപ്പൻ പ്രകടനം തീർത്ത ഇസ്മയിൽ, അഫ്നാസ്, നിയാസ്, ഹാരിസ്, എന്നിവരുടെ നേതൃത്വത്തിൽ കനത്ത പ്രതിരോധം തീർത്ത ആദ്യ നിമിഷങ്ങൾക്ക് ശേഷം, അജിത് ശിവൻ, വിഷ്ണു, ഫാസിൽ, അഖിൽ എന്നിവർ ചേർന്ന് മത്സരം യൂത്ത് ഇന്ത്യയുടെ വരുതിയിലാക്കി. ഹാട്രിക് ഗോൾ നേടിയ രാജുവാണ് കളിയിലെ കേമൻ.
കിഴക്കൻ പ്രവിശ്യ-എൽ ക്ലാസികോ എന്ന വിശേഷണത്തിന് അർഹമായ രണ്ടാം മത്സരത്തിൽ പ്രഗൽഭരായ പസഫിക് ലോജിസ്റ്റിക് ബദർ എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സി ടൂർണ്ണമെൻ്റിൽ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയതോടെ സെമി സാധ്യത നിലനിർത്തി . മത്സരം തുടങ്ങിയ നിമിഷം തന്നെ ആക്രമണ – പ്രത്യാക്രമണത്തിൻ്റെ ചാരുതയേറിയ നിമിഷങ്ങൾ ഏറെ കണ്ട മത്സരത്തിൽ ബദർ എഫ്.സിക്കായി ഹസ്സൻ ആദ്യ ഗോൾ നേടി. ഏറെ വൈകാതെ സന്തോഷ് ട്രോഫി താരം റഹീം കാടാമ്പുഴ, മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ്റ്റൻ ഇനാസ് റഹ്മാൻ, അജ്മൽ റിയാസ്, യാസീൻ, റിൻഷിഫ് എന്നിവരിലൂടെ ഖാലിദിയ്യ മത്സരം തങ്ങളുടെ താക്കി തീർത്തു .
തൻ്റെ സ്കോറിങ്ങ് പാടവത്തിൻ്റെ മികവ് മുഴുവൻ പുറത്തെടുത്ത തകർപ്പൻ ഹാഫ് വോളി ഷോട്ടിൻ്റെ മനോഹര ഗോളിലൂടെ സുഹൈൽ വി.പി ഖാലിദിയ്യക്കായി ആദ്യ ഗോൾ മടക്കി. മത്സരം സമനില ആയതോടെ വിജയത്തിനായി ഇരു ടീമുകളും ശക്തമായ മുന്നേറ്റങ്ങളാണ് കാഴ്ചവച്ചത് . മുൻ ചെന്നൈ എഫ്.സി താരം ജൂഡ്, ഫവാസ് കിഴിശ്ശേരി, ഉനൈസ്, എന്നിവർ ചേർന്ന് മധ്യനിരയിൽ ഉണർന്ന് കളിച്ചതോടെ ബദറിൻ്റെ മുന്നേറ്റങ്ങൾ കൂടുതൽ ചടുലമായി തീർന്നു . മുൻ നിരയിലെ നിയാസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങേണ്ടി വന്ന ബദറിന് പതിയെ മത്സരത്തിൻ്റെ താളം നഷ്ടമായി. കിട്ടിയ അവസരം മുതലാക്കി അജ്മലിൻ്റെ ത്രൂ പാസ് സ്വീകരിച്ച് സുഹൈൽ രണ്ടാം ഗോളും നേടിയതോടെ ഖാലിദിയ്യ മത്സരത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു.
റഹീമിൻ്റെ അസിസ്റ്റിൽ സുബൈർ മൂന്നാം ഗോളും, പിന്നീട് യാസീൻ്റെയും, ഇനാസിൻ്റെയും, റിൻഷിഫിൻ്റെയും മുന്നേറ്റങ്ങൾക്കൊടുവിൽ അജ്മലിൻ്റെ തന്നെ മറ്റൊരസിസ്റ്റിൽ റഹീം ഖാലിദിയ്യക്കായി നാലാം ഗോളും നേടി ഖാലിദിയ മത്സരം സ്വന്തമാക്കി. രണ്ട് ഗോളുകൾ നേടുക വഴി മൽസരത്തിൻ്റെ ഗതി നിർണ്ണയിക സുഹൈലാണ് കംഫർട്ട് ട്രാവൽസ് മാൻ ഒഫ് ദ മാച്ച് പുരസ്കാരത്തിനായ് തെരഞ്ഞെടുത്തത്. രണ്ട് മാച്ചുകളിൽ നിന്നായി രണ്ട് ജയത്തോടെ ആറ് പോയിൻ്റുമായി ഗ്രൂപ്പിൽ ഖാലിദിയ്യ ഒന്നാമതെത്തി . യൂത്ത് ഇന്ത്യക്ക് മൂന്നും, ഫോക്കസ് ലൈൻ എഫ്.സി ക്കും, ബദർ എഫ്.സിക്കും ഒരോ പോയിൻ്റുകളാണ് നിലവിൽ ഉള്ളത്.
കെ.എം.സി.സിയുടെ വിവിധ സെൻട്രൽ – ജില്ലാ കമ്മിറ്റികൾ അണിനിരന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോട് കൂടി അരങ്ങേറിയ ടൂർണ്ണമെൻ്റിൻ്റെ ഔപചാരിക കിക്കോഫ് കർമ്മം പ്രവാസി ഭാരതീയ പുരസ്കാര ജേതാവും, ഇറാം ഗ്രൂപ്പ് സി.എം.ഡിയുമായ ഡോക്ടർ സിദ്ദീഖ് അഹമ്മദ് നിർവ്വഹിച്ചു. പ്രവാസികൾ നെഞ്ചേറ്റിയ ജീവകാരുണ്യ- സാംസ്കാരിക സംഘടനയായ കെ.എം.സി.സി സൗദിയിൽ ദേശീയ തലത്തിൽ നടത്തുന്ന ഈ ഫുട്ബോൾ ടൂർണ്ണമെൻ്റിനും, പ്രവാസ ലോകത്തെ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾക്കും തൻ്റെ മുഴുവൻ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ടൂർണ്ണമെൻ്റ് കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ ഖാദർമാസ്റ്റർ വാണിയമ്പലം അധ്യക്ഷനായിരുന്ന ചടങ്ങിൽ ടൂർണ്ണമെൻ്റ് കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സ്വാഗത സംഘം ട്രഷറർ സിദ്ദീഖ് പാണ്ടികശാല നന്ദിയും പറഞ്ഞു .