കായംകുളത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ:കായംകുളം പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ റൂം എടുത്ത് ലഹരി കച്ചവടം നടത്തിവന്നിരുന്ന മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസ് – (31) എന്നയാളെ ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലിസും ചേർന്ന് പിടി കൂടിയത്. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു 4 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും. ഇയാൾ കുറച്ച് നാളായി ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അവിടെ നിന്നും 2000 രൂപയക്ക് എംഡിഎംഎ വാങ്ങി ഇവിടെ നാട്ടിൽ 5000 രൂപയ്ക്കാണ് വിൽപ്പന നടത്തി വന്നിരുന്നത്. കഞ്ചാവ് ചെറു പൊതികളായി 500 രൂപയ്ക്കാണ് വിൽപ്പന നടത്തി വന്നിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിൻ്റെ നേതൃത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ പി ജെ , എസ്ഐ മാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെൽസൺ, സീനിയർ സിപിഓ സുരേഷ്, സിപിഓ മാരായ ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടി കൂടിയത്. ഇയാൾ വർഷങ്ങളായി ഗൾഫിലായിരുന്നു. നാട്ടിൽ വന്നതിന് ശേഷം ആണ് ലഹരി ഉപയോഗത്തിലേക്കും കച്ചവടത്തിലേയ്ക്കും തിരിഞ്ഞത്.
