കെജ്രിവാളിന്റെ ആവശ്യം തള്ളി സുപ്രീംകോടതി: ഒരാഴ്ച കൂടി ജയിലിൽ തുടരണം
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ഇഡിയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. അഭിഭാഷകനുമായി കൂടുതൽ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കേജ്രിവാളിന്റെ ഹർജി റൗസ് അവന്യു കോടതി തളളി.
മദ്യനയ അഴിമതി കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കെജ്രിവാളിനെതിരേ തെളിവുകളുണ്ടെന്നും അറസ്റ്റ് നിയമപരമാണെന്നും കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സുപ്രീംകോടതി കൂടി ഹർജി തള്ളിയതോടെ ഇനി 4 ദിവസം കൂടി കെജ്രിവാൾ തീഹാർ ജയിലിൽ കഴിയണം. വ്യാഴാഴ്ച ഈദുൽ ഫിത്തറും വെള്ളിയാഴ്ച പ്രദേശിക അവധിയായതിനാൽ ഇനി തിങ്കളാഴ്ച മാത്രമേ കോടതി ഹർജി പരിഗണിക്കൂ.