കിറ്റെക്സ് ഇന്നും അപ്പർ-സർക്യൂട്ടിൽ; കൊച്ചിൻ ഷിപ്പ്‍യാർഡിനും തിളക്കം, എൽസിഡ് ഓഹരിവില രണ്ടരലക്ഷം രൂപയിലേക്ക്
ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം ചെയ്യുന്നത് നഷ്ടത്തിൽ. നേരിയ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലേക്ക് പതിച്ചു. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 484 പോയിന്റ് (-0.60%) താഴ്ന്ന് 79,462ൽ. നിഫ്റ്റി 120 പോയിന്റ് (-0.49%) നഷ്ടവുമായി 24,220ലും.
ഐടി ഓഹരികളുടെ വീഴ്ചയാണ് പ്രധാന തിരിച്ചടി. കോവിഡിന് ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ ഏറ്റവുമധികം നഷ്ടം നേരിട്ട മാസം കൂടിയാകുകയാണ് ഒക്ടോബർ. നിഫ്റ്റിക്ക് മാത്രമുണ്ടായ നഷ്ടം 6 ശതമാനത്തോളം. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 30 ലക്ഷം കോടി രൂപയോളവും ഈ മാസം ഒലിച്ചുപോയി.
നിഫ്റ്റി50ൽ ഇന്ന് സിപ്ല 9.95% ഉയർന്ന് നേട്ടത്തിൽ ഒന്നാമതുണ്ട്. 6.92% മുന്നേറി എൽ ആൻഡ് ടിയാണ് രണ്ടാംസ്ഥാനത്ത്. സെൻസെക്സിൽ 6.91% നേട്ടവുമായി എൽ ആൻഡ് ടി ഒന്നാമതാണ്. ഇരു സൂചികകളിലും നഷ്ടത്തിൽ മുന്നിലെത്തിയത് ഐടി കമ്പനികൾ. സെൻസെക്സിൽ ടെക് മഹീന്ദ്ര 4.92% താഴ്ന്ന് നഷ്ടത്തിൽ ഒന്നാമതാണ്. എച്ച്സിഎൽ ടെക് 2.90%, ടിസിഎസ് 2.74% എന്നിങ്ങനെ താഴ്ന്ന് തൊട്ടടുത്തുണ്ട്. നിഫ്റ്റി50ൽ 4.25% താഴ്ന്ന് ടെക് മഹീന്ദ്ര നഷ്ടത്തിൽ ഒന്നാംസ്ഥാനത്തും എച്ച്സിഎൽ ടെക് 3.15% താഴ്ന്ന് രണ്ടാമതുമാണ്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയാണ് 2.6-2.8% ഇടിഞ്ഞ് നഷ്ടത്തിൽ ആദ്യ 5ലുള്ള മറ്റ് കമ്പനികൾ.
ഇന്ത്യൻ ഫാർമ കമ്പനികളുടെ മുഖ്യ വിപണിയായ യുഎസിലെ ഈ രംഗത്തെ നിയന്ത്രണ ഏജൻസിയായ യുഎസ്എഫ്ഡിഎയിൽ നിന്ന് വോളന്ററി ആക്ഷൻ ഇൻഡിക്കേറ്റ് (വിഎഐ) സ്റ്റാറ്റസ് കിട്ടിയ പശ്ചാത്തലത്തിലാണ് സിപ്ല ഓഹരികൾ ഇന്ന് കുതിച്ചത്. കമ്പനിയുടെ ഗോവയിലെ പ്ലാന്റിനാണ് ഈ സ്റ്റാറ്റസ്. ചട്ടങ്ങളിൽ നിന്ന് വ്യതിചലിച്ചെന്ന് കണ്ടെത്തിയെങ്കിലും നടപടി ആവശ്യമില്ലെന്നും കമ്പനി ആവശ്യമായ സ്വയംതിരുത്തൽ നടപടി എടുത്താൽ മതിയെന്നും നിർദേശിക്കുന്ന സ്റ്റാറ്റസാണിത്. ഇതോടെ, കമ്പനിയുടെ പുതിയ മരുന്നായ ആബ്രേക്സേയ്നിന് വിപണിപ്രവേശത്തിന് വഴിയൊരുങ്ങിയതും ഓഹരികൾക്ക് കുതിപ്പായി.
ഇന്ത്യൻ ഐടി കമ്പനികളുടെയും മുഖ്യവിപണിയാണ് യുഎസ്. നിർമിതബുദ്ധി (എഐ) രംഗത്തെ നിക്ഷേപം ആവശ്യത്തിനൊത്ത് ഉറപ്പാക്കാൻ കാലതാമസമെടുത്തേക്കുമെന്ന് യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, മെറ്റ എന്നിവ നൽകിയ സൂചനയ്ക്ക് പിന്നാലെയാണ് ഇന്ന് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾ വീഴ്ചയിലായത്. നിഫ്റ്റി ഐടി സൂചിക 3 ശതമാനത്തിലധികം താഴ്ന്നു.
കിറ്റെക്സ് ഇന്നും അപ്പർ-സർക്യൂട്ടിൽ
കേരളക്കമ്പനിയായ കിറ്റെക്സ് ഇന്നും 5% കുതിച്ച് അപ്പർ-സർക്യൂട്ടിലായി. മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലമാണ് ഓഹരികളെ ആവേശത്തിലാഴ്ത്തിയത്. ഇന്ന് 5% ഉയർന്ന് 584.10 രൂപയാണ് ഓഹരിവിലയുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 14 ശതമാനവും 3 മാസത്തിനിടെ 150 ശതമാനത്തോളവും ഒരുവർഷത്തിനിടെ 190 ശതമാനവുമാണ് കിറ്റെക്സ് ഓഹരിവില ഉയർന്നത്.