കിസ്‍വ മാറ്റൽ ചടങ്ങ് ഞായറാഴ്ച; ഒരുക്കങ്ങൾ പൂര്‍ത്തിയായി
മക്ക: വിശുദ്ധ കഅബയുടെ കിസ്‍വ മാറ്റൽ ചടങ്ങ് ജൂലൈ ഏഴിന് നടക്കും. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിലാണ് കഅബയുടെ മൂട് പടം മാറ്റുന്നത്. പഴയ കിസ്‌വ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ചടങ്ങ്.
1000 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമിച്ച കിസ്‍വയാണ് പുതപ്പിക്കുക. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്ധരും, വിദഗ്ധ തൊഴിലാളികളും ചേർന്നായിരിക്കും ചടങ്ങ് പൂർത്തിയാക്കുക. 200 തൊഴിലാളികൾ ചേർന്ന് 10 മാസം കൊണ്ടാണ് കിസ്‍വയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോഗിച്ചായിരുന്നു ഇതിന്റെ പ്രധാനഭാഗം നിർമ്മിച്ചത്. ബാക്കി വരുന്ന ഭാഗം കൈ കൊണ്ടാണ് തയ്യാറാക്കിയത്.
കിസ്വയുടെ മുകളിലായി ദൈവത്തെ പ്രകീർത്തിക്കുന്ന വാക്കുകൾ കരകൗശ വിദഗ്ധർ തുന്നി പിടിപ്പിക്കും. 120 കിലോഗ്രാം സ്വർണ്ണനൂലും 100 കിലോഗ്രാം വെള്ളി നൂലും ഇതിനായി ഉപയോഗിക്കും . നാലു കഷ്ണം തുണിയും ഒരു വാതിൽ കർട്ടനും ഉൾക്കൊള്ളുന്നതാണ് കഅബയുടെ മൂടുപടം. 15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമുണ്ടാവും കിസ്‍വയുടെ നാല് കഷ്ണങ്ങൾക്ക്. ഏറെ പവിത്രതയോടെ പൂർത്തിയാകുന്ന ഈ കർമത്തിന് നേതൃത്വം നൽകുന്നത് ഇരുഹറം കാര്യലായ ഉദ്യോഗസ്ഥരാണ്.
വാർഷിക ആചാര മാറ്റത്തിന് മുന്നോടിയായി കഴിഞ്ഞ മാസമാണ് കിസ്‍വയുടെ കൈമാറ്റ ചടങ്ങ് നടന്നത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി അമീറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ ജൂൺ 18 ന് കിസ്‌വ അതിന്റെ ഡെപ്യൂട്ടി സീനിയർ കീപ്പർ അബ്ദുൾ മാലിക് അൽ-ഷൈബിക്ക് കൈമാറി