ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും മരണത്തിലും രാഷ്ട്രീയം കലര്‍ത്തുന്നു; ജെ പി നദ്ദ
ന്യുഡൽഹി : ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗിനെ ബഹുമാനിക്കാത്ത കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ.
പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗിന്റെ മുന്നിൽ വെച്ച് ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ ആളാണ് രാഹുല്‍ഗാന്ധി. അയാളുടെ കുടുംബം രാജ്യത്തെ ഒരു നേതാവിനെയും ബഹുമാനിച്ചിട്ടില്ലെന്നും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമെന്നും ജെ പി നദ്ദ പറഞ്ഞു.
മോഡി സർക്കാർ മൻമോഹൻ സിങിന്റെ മൃതദേഹം സംസ്കരിക്കുന്നതിനും സ്മാരകം നിർമ്മിക്കുന്നതിനും പ്രത്യേക സ്ഥലം അനുവദിക്കാത്തതിലുള്ള പ്രതിഷേധം കോൺഗ്രസിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴാണ് ബിജെപി ദേശീയ അധ്യക്ഷന്റെ പ്രതികരണം.
ആദ്യ സിഖ് പ്രധാനമന്ത്രിയായ മൻമോഹൻ സിങിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം അപമാനിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. മുൻ പ്രധാനമന്ത്രിമാർക്കെല്ലാം അന്ത്യകർമ്മങ്ങൾക്കായി പ്രത്യേക സ്ഥലം അനുവദിച്ചിരുന്നതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.