സംസ്ഥാനങ്ങളെ ഞെരുക്കുന്നു, ഫെഡറലിസത്തെ തകര്‍ക്കുന്നു, മോദിക്കെതിരെ ഖാര്‍ഗെ.
- ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു
തൃശ്ശൂര്‍:നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ വനിതകളേയും ന്യൂനപക്ഷങ്ങളേയും ബാധിച്ചുവെന്ന് ഖാര്‍ഗെ പറഞ്ഞു. സംസ്ഥാനങ്ങളെ ഞെരുക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഫെഡറലിസത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പരസ്പര വിശ്വാസം, സാഹോദര്യം എന്നീ ആശയങ്ങളില്‍ പ്രധാനമത്രി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും ദുര്‍ബലപ്പെടുത്തുന്നു. ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. കേരളത്തിലെ ജനങ്ങള്‍ എല്ലാ കാലത്തും പാവപ്പെട്ട ജനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ടു. കേരളത്തില്‍ ജയിച്ചാല്‍ ഇന്ത്യയില്‍ തന്നെ ജയിക്കാന്‍ കഴിയും. കേരളത്തില്‍ ബിജെപിയുടേയോ മോദിയുടേയോ മറ്റ് പാര്‍ട്ടികളുടേയോ പതാക ഉയരാന്‍ അനുവദിക്കരുത്.രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനും ലക്ഷദ്വീപില്‍ വിനോദയാത്ര നടത്താനും ചിത്രമെടുക്കാനും മോദിക്ക് സമയമുണ്ട്, എന്നാല്‍ മണിപ്പുരില്‍ മാത്രം പോകാന്‍ സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശ്ശൂരില്‍ ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ നേതാക്കളുടേയും സമ്മേളനമായ ജനമഹാസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖാര്‍ഗെ