കേരളത്തിലെ സ്‌കൂൾസമയം മാറ്റാൻ ഖാദർ കമ്മിറ്റി റിപ്പോർട്ട്
മാറുന്നകാലത്തെ അഭിമുഖീകരിക്കാൻ സ്‌കൂൾവിദ്യാഭ്യാസത്തിലെ മുഖ്യഘടകങ്ങളായ പഠനം, പഠിപ്പിക്കൽ, വിലയിരുത്തൽ എന്നിവയിൽ കാലാനുസൃതമായ പരിഷ്‌കാരം നിർദേശിക്കുന്നതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ‘മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം’ എന്നപേരിലുള്ള റിപ്പോർട്ട് ഇതുവരെ സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. പക്ഷേ, ഉള്ളടക്കം പുറത്തുവന്നുകഴിഞ്ഞു. സ്‌കൂളുകളുടെ അക്കാദമിക അന്തരീക്ഷത്തിൽ അഴിച്ചുപണി നിർദേശിക്കുക മാത്രമല്ല, ഒന്നുമുതൽ 12 വരെയുള്ള വിദ്യാഭ്യാസം ഏകീകരിക്കുകയും അതനുസരിച്ച് കുട്ടികളുടെ എണ്ണത്തിലും അധ്യാപകനിയമനങ്ങളിലുമൊക്കെ മാറ്റം നിർദേശിക്കുകകൂടിയാണ് ഖാദർ കമ്മിറ്റി.
സ്‌കൂൾ പ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും മഹാഭൂരിപക്ഷവും 12 വരെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ കേരളത്തിലുണ്ടെന്നാണ് നിരീക്ഷണം. വിദ്യാഭ്യാസ അവകാശനിയമം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ 12 വരെയുള്ള വിദ്യാഭ്യാസത്തെ ഒറ്റഘടകമായി പരിഗണിക്കാനാണ് ശുപാർശ.
പൊളിച്ചെഴുത്തിനു നിർദേശം
കേരളത്തിലെ സ്‌കൂൾവിദ്യാഭ്യാസത്തിൽ നിലവിലെ നേട്ടങ്ങൾ അംഗീകരിച്ചുതന്നെ, നയപരമായ പൊളിച്ചെഴുത്ത് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ദേശീയസിലബസിനു സമാനമായി സ്‌കൂൾസമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കൽ, എയ്ഡഡ് സ്‌കൂൾ അധ്യാപകനിയമനം പി.എസ്.സി.ക്കു വിടൽ തുടങ്ങിയ ഒട്ടേറെ വിവാദശുപാർശകളും സമിതി മുന്നോട്ടുവെക്കുന്നു. എതിർപ്പുകളിൽ കൈപൊള്ളുന്ന ശുപാർശകൾ സർക്കാർ തൊടുമോയെന്ന് വ്യക്തമായിട്ടില്ല. പക്ഷേ, റിപ്പോർട്ടിലെ നിരീക്ഷണങ്ങളിലും നിർദേശങ്ങളിലും നിലപാട് വ്യക്തമാക്കേണ്ടിവരും. ‘ദേശീയ വിദ്യാഭ്യാസനയം 2020’ അംഗീകരിക്കാനാവില്ലെന്ന സർക്കാരിന്റെ പ്രഖ്യാപിതനിലപാടിനെ ഈ വിദഗ്ധസമിതി ശരിവെക്കുന്നുണ്ടെങ്കിലും സ്‌കൂൾവിദ്യാഭ്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങൾ പലതും നിർദേശിച്ചിട്ടുള്ളത് അതിന്റെ ചുവടുപിടിച്ചാണെന്നതാണ് വസ്തുത. തൊഴിൽവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾച്ചേർത്തതടക്കമുള്ള കാഴ്ചപ്പാടുകൾ ഇതു തെളിയിക്കുന്നു. അതേസമയം, വിദ്യാഭ്യാസത്തിലെ കേരള ബദൽ ഉയർത്തിപ്പിടിക്കുന്നുവെന്നാണ് ഖാദർ കമ്മിറ്റിയുടെ പൊതുസമീപനം.
വിദ്യാഭ്യാസത്തിലെ പോരായ്മകളും പരിഹരിക്കാനുള്ള നിർദേശങ്ങളും ഉള്ളടക്കത്തിലുള്ള റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ