വനംവകുപ്പിന്‍റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രാദേശിക മാധ്യമപ്രവർത്തകന് ലോക്കപ്പ് മർദനം
തൃശൂർ: അതിരപ്പിള്ളിയിൽ വനംവകുപ്പിന്‍റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രാദേശിക മാധ്യമ പ്രവർത്തകന് ലോക്കപ്പ് മർദനമെന്നാരോപണം. അതിരപ്പിള്ളിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെയാണ് മർദിച്ചതായി പരാതി ഉയരുന്നത്. ഞായറാഴ്ചയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ റൂബിൻ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെയാണ് അതിരപ്പിള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. പന്നി കിടക്കുന്നത് വനഭൂമിയില്‍ ആണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥര്‍ റൂബിന്‍ ലാലിന്‍റെ ഫോണ്‍ തട്ടിമാറ്റുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ ജാക്‌സന്‍റെ നേതൃത്വത്തില്‍ ആയിരുന്നു അതിക്രമം. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച വനമന്ത്രി എ കെ ശശീന്ദ്രന്‍ സിസിഎഫിന് അന്വേഷണ ചുമതലയും നല്‍കി. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു.
അതിനിടെയാണ് കൃത്യനിർവഹണത്തിൽ തടസം വരുത്തിയെന്നാരോപിച്ച് വനം വകുപ്പ് റൂബിൻ ലാലിനെതിരേ പരാതി നൽകിയത്. മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് പരാതി നല്‍കിയതും രാത്രിയോടെ അറസ്റ്റുണ്ടായതും.
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നത് ഉള്‍പ്പെടെ വനം വകുപ്പിന്റെ വീഴ്ചകള്‍ റൂബിന്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന്‍റെ പ്രതികാരമായി നേരത്തെയും റൂബിന്‍ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞിരുന്നു