രാജസ്ഥാനില്‍നിന്ന് പഴയബസുകള്‍ കേരളത്തിലെത്തിച്ച് സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുടമകള്‍;
രാജസ്ഥാനില്‍നിന്ന് പഴയബസുകള്‍ കേരളത്തിലെത്തിച്ച് സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുടമകള്‍. പുതിയ ബസ് വാങ്ങി നിരത്തിലിറക്കുന്നതിന്റെ അധികച്ചെലവ് ഒഴിവാക്കാന്‍ കേരളത്തിലേക്കാള്‍ വിലക്കുറവില്‍ പഴയബസുകള്‍ കിട്ടുന്ന രാജസ്ഥാനിലേക്ക് പോകുകയാണിവര്‍.
അവിടെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് എട്ടുവര്ഷംവരെയാണ് കാലാവധി. ഈ ബസുകളാണ് കേരളത്തിലേക്ക് കൊണ്ടുവരുക. പഴയ ബോഡി പൊളിച്ച് നവീകരിച്ച് നിരത്തിലിറക്കും. ഈ ബസ് ചുരുങ്ങിയത് ഏഴുവര്‍ഷം സര്‍വീസ് നടത്താന്‍ ഉപയോഗിക്കാം.
എട്ടുവര്‍ഷം പഴക്കമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ബോഡി കോഡ് നിബന്ധന ഇവയ്ക്ക് ബാധകമല്ല. ഷട്ടറുകള്‍ ഘടിപ്പിച്ചും നിരത്തിലിറക്കാം. എന്നാല്‍ 2017-ന് ശേഷമുള്ള ബസുകള്‍ക്ക് ബോഡി കോഡ് നിര്‍ബന്ധമാണ്. അവയ്ക്ക് അംഗീകൃത ബോഡി നിര്‍മിച്ചാലേ പെര്‍മിറ്റ് ലഭിക്കൂ. ഏതുതരത്തിലായാലും പുതിയ ബസിനെക്കാള്‍ ചെലവ് കുറവുണ്ടെന്ന് ബസുടമകള്‍ പറയുന്നു.
ബസിന്റെ വില
കേരളത്തില്‍ പുതിയ ബസ് എടുക്കുന്നത് ഭാരിച്ച ചെലവാണ് ഉടമകള്‍ക്ക് ഉണ്ടാകുന്നത്. പുതിയ ഷാസിക്ക് മാത്രം 30 മുതല്‍ 31 ലക്ഷം രൂപ വരെയാണ് വില വരുത്തന്നത്. ഇതില്‍ ബോഡി നിര്‍മിക്കുന്നതിന് 12 മുതല്‍ 14 ലക്ഷം രൂപ വരെ ചെലവ് വരും. ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് ചെവലുകളും ഏകദേശം രണ്ട് ലക്ഷം രൂപയോളം വരും. അങ്ങനെ ഒരു പുതിയ ബസ് റോഡിലേക്ക് എത്തുമ്പോഴേക്കും 44 മുതല്‍ 47 ലക്ഷം രൂപ വരെയാണ് ചെലവാകുന്നത്.
ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പഴയ ബസ് വാങ്ങുന്നത് ലഭമാണ്. 11 ലക്ഷം രൂപ വരെയാണ് ബസുകള്‍ക്ക് വില വരുന്നത്. ഇത് നാട്ടിലെത്തിച്ച് പുതിയ ബോഡി കേറ്റുന്നത് ഏഴ് ലക്ഷം രൂപ വരെയാണ് ചെലവ്. പരമാവധി 18 ലക്ഷം രൂപയ്ക്ക് ചെറിയ പഴക്കം മാത്രമുള്ള ബസുകള്‍ ലഭിക്കുമെന്നതാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉടമകളെ ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
40 ശതമാനം ലാഭമുണ്ട്
ഉത്തരേന്ത്യന്‍ ബസുകള്‍ വാങ്ങി ബോഡി ചെയ്ത് നിരത്തിലിറക്കുമ്പോള്‍ 40 ശതമാനമെങ്കിലും ലാഭമുണ്ട്. കേരളത്തില്‍ ഒരു ഷാസി വാങ്ങി പുതിയൊരു ബസ് നിര്‍മിക്കാന്‍ 45 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാണ്. പഴയ ബസുകള്‍ക്കും ഇവിടെ വില കൂടുതലാണ്. ബസ് സര്‍വീസില്‍ പിടിച്ചുനില്ക്കാന് ഇതൊക്കെയേ മാര്‍ഗമുള്ളൂ.