പ്രസവ ചികിത്സയില്‍ കേരളം അമേരിക്കയെക്കാള്‍ മെച്ചം : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യണ്‍ ഡോളര്‍ മാത്രം ജി ഡി പിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാള്‍ എങ്ങനെ മുന്നിലെത്തി. അവരുടെ ജി ഡി പിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് ‘യഥാര്‍ത്ഥ കേരള സ്റ്റോറി’യെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ ഒരു ലക്ഷം പ്രസവങ്ങളില്‍ 22.3 അമ്മമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍, കേരളത്തില്‍ അത് 18 ആണ്. കേരളത്തില്‍ ആയിരം ജനനത്തിന് അഞ്ച് ശിശുമരണമാണ് ഉണ്ടാകുന്നത്. അമേരിക്കയില്‍ അത് 5.6 ആണ്. 96.2 ശതമാനം സാക്ഷരതയുമായി കേരളം ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയുടെ സാക്ഷരതാ നിരക്ക് 79 ശതമാനം മാത്രമാണ്. ബഹുമുഖ ദാരിദ്ര്യം കേരളത്തില്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ (0.55 ശതമാനം) , അമേരിക്കയില്‍ അത് 5.68 ശതമാനമാണ്. കുന്നുകൂടിയ സമ്പത്തല്ല, ജനങ്ങള്‍ക്ക് നല്‍കുന്ന കരുതലും മുന്‍ഗണനയുമാണ് ഒരു നാടിന്റെ യഥാര്‍ത്ഥ അളവുകോലെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഒരു അത്ഭുതമായി തന്നെയാണ് നിലകൊള്ളുന്നത്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് പറയുന്നു. രാജ്യത്ത് 100 ല്‍ 11 പേര്‍ ദരിദ്രരായിരിക്കുമ്പോള്‍, കേരളത്തില്‍ അത് 200 ല്‍ ഒരാള്‍ മാത്രമാണ്. നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് സുസ്ഥിര വികസനത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്ത് തൊഴിലാളിക്ക് ഏറ്റവും ഉയര്‍ന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തില്‍ എന്നാണ്. നിര്‍മ്മാണ മേഖലയില്‍ ദേശീയ ശരാശരി 362 രൂപ മാത്രമുള്ളപ്പോള്‍, കേരളത്തിലത് 829 രൂപയാണ്. അത് തൊഴിലാളിയുടെ അന്തസ്സാണ്, അവന്റെ കുടുംബത്തിന്റെ സുരക്ഷയാണ്.
