ഹൈക്കോടതി കളമശ്ശേരിയിലേക്ക് വിശാലമായ ജുഡീഷ്യൽ സിറ്റി
- ധാരണയായത് മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയിൽ
കൊച്ചി: കേരളാ ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. .ഇതിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17 ന് നടക്കും.റവന്യൂ മന്ത്രി കെ. രാജൻ,നിയമ മന്ത്രി പി.രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ എ.മുഹമ്മദ് മുഷ്താഖ്,ബെച്ചു കുര്യൻ തോമസ്,എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിൽ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയിൽ നിർമിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് നിർമ്മിക്കുന്നത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവയും കളമശേരിയിൽ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കളമശ്ശേരിയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കിൽ അതുകൂടി കണ്ടെത്താനാണ് തീരുമാനം.