മക്കളുടെ പഠനത്തിനായി വിദ്യാധനം സ്കോളർഷിപ് ; കുടുംബ ഭാരം ഒറ്റയ്ക്ക് ചുമക്കേണ്ട
- ഡിസംബർ 15 വരെ സമയം
- വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായം
ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാധനം പദ്ധതിയിൽ 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് : https://wcd.kerala.gov.in. അപേക്ഷാഫോമിന്റെ മാതൃകസൈറ്റിലുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുത്.
എ കാറ്റഗറി
1. വിവാഹമോചിതർ
2. ഭർത്താവ് ഉപേക്ഷിച്ചവർ
3. ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ (വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും പഞ്ചായത്തിലെ സത്യവാങ്മൂലവും വേണം)
4. നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ മൂലം ഭർത്താവിനു ജോലി ചെയ്യാൻ കഴിയാത്തവർ (സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം)
5. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവർ (വിവാഹം ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലവും ഐസിഡിഎസ് സൂപ്പർവൈസറുടെ സാക്ഷ്യപത്രവും വേണം. (ഐസിഡിഎസ് – ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസസ്)ബി കാറ്റഗറി
HIV ബാധിച്ച് ART (ആന്റി റെട്രോവൈറൽ തെറപ്പി) ചികിത്സയ്ക്കു വിധേയരാകുന്നവർ. എപിഎൽകാർക്കും വീരചരമമടഞ്ഞ സൈനികരുടെ വിധവകളോ സാമൂഹികവിവേചനം അനുഭവിക്കുന്നവരോ ആയ എപിഎൽ വിഭാഗത്തിൽപെട്ടവർക്കും അപേക്ഷിക്കാം.മറ്റു വ്യവസ്ഥകൾ
ഒരു കുടുംബത്തിലെ 2 കുട്ടികൾക്കുവരെ സഹായം കിട്ടും. മറ്റു സർക്കാർ സ്കോളർഷിപ്പൊന്നും കിട്ടുന്നില്ലെന്നു ഹെഡ്മാസ്റ്റർ / പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. സഹായത്തുക അമ്മയുടെയും കുട്ടിയുടെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കണം.കുട്ടികൾ സർക്കാർ /എയ്ഡഡ് വിദ്യാലയങ്ങളിലാവണം പഠിക്കുന്നത്. ഓൺലൈൻ അപേക്ഷ SCHEMES – APPLY ONLINE ലിങ്കുകൾവഴി ബന്ധപ്പെട്ട ശിശുവികസന ഓഫിസർക്കു നൽകണം.സഹായം എത്ര?
∙ 5 വയസ്സിൽ താഴെയുള്ളവരും 1–5 വരെ ക്ലാസുകളിൽ പഠിക്കുന്നവരും: വർഷംതോറും 3000 രൂപ
∙6–10 വരെ ക്ലാസുകളിൽ പഠിക്കുന്നവർ: വർഷംതോറും 5000 രൂപ
∙ 11, 12 ക്ലാസുകൾ : വർഷംതോറും 7500 രൂപ
∙ബിരുദവും അതിനു മുകളിലും: വർഷംതോറും 10,000 രൂപ