കുടിശ്ശികയടക്കം രണ്ട് മാസത്തെ ക്ഷേമ പെൻഷനുകൾ കേരളം വിതരണം ചെയ്യും
തിരുവനന്തപുരം∙ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഓണത്തിനു മുന്‍പ് നല്‍കാന്‍ സര്‍ക്കാര്‍. ഇതിനുള്ള തുക അനുവദിച്ച് ഉത്തരവിറക്കി. ഈ മാസത്തെ പെന്‍ഷന് പുറമെയാണ് കുടിശിക തുകയും അനുവദിച്ചത്. ഈ മാസം 11 മുതലാണ് പെന്‍ഷന്‍ വിതരണം. ക്ഷേമപെന്‍ഷന്‍ കുടിശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.
രണ്ടു ഗഡു ക്ഷേമ പെൻഷൻ നൽകാനായി 1700 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്‌ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. അനുവദിച്ച രണ്ടു ഗഡുവിൽ ഒരെണ്ണം കുടിശികയാണ്.
കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നൽകാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് നടപ്പായതെന്നും ധനമന്ത്രി പറഞ്ഞു. പെൻഷൻ വിതരണത്തിന് പ്രഥമ മുൻഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസത്തെ പെൻഷൻ ഓണം പ്രമാണിച്ച് നേരത്തെ നൽകുകയാണ്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുകയാണെന്നു ധനമന്ത്രി പറഞ്ഞു.