പ്രമേഹരോഗികളുടെ മുറിവുണക്കാൻ ഹൈഡ്രോജെൽ ഡ്രസിങ് ഒരുക്കി വിദ്യാർഥിനി

0

പ്രമേഹരോഗികളിലെ മുറിവുണക്കാന്‍ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ച് കേരള സര്‍വകലാശാല വിദ്യാര്‍ഥിനി ഫാത്തിമ റുമൈസ. പ്രമേഹരോഗികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ വേഗത്തിലുണങ്ങാനും തുടര്‍ന്നുണ്ടാവുന്ന പാടുകള്‍ ഇല്ലാതാക്കാനും ശേഷിയുള്ള ഹൈഡ്രോജെല്‍ ഡ്രസിങ്ങാണ് വികസിപ്പിച്ചത്.

ബയോകെമിസ്ട്രി വിഭാഗത്തിനു കീഴിലുള്ള അഡ്വാന്‍സ് സെന്റര്‍ ഫോര്‍ ടിഷ്യു എന്‍ജിനിയറിങ് ഗവേഷകയായ ഫാത്തിമ റുമൈസ നാലുവര്‍ഷത്തെ ഗവേഷണത്തിലൊടുവിലാണ് ഹൈഡ്രോജെല്‍ ഡ്രസിങ് സംവിധാനം പ്രൊഫസര്‍ എസ്.മിനിയുടെ മാര്‍ഗനിര്‍ദേശത്തില്‍ വികസിപ്പിച്ചത്.

ഹൈഡ്രോജെല്‍ തുണിയില്‍ പുരട്ടി, രോഗികളുടെ മുറിവുകളില്‍ വെക്കും. 18 മുതല്‍ 21 ദിവസത്തിനുള്ളില്‍ മുറിവുകളും അതിലുണ്ടാവുന്ന പാടുകളും ഇല്ലാതാവുമെന്ന് ഫാത്തിമ പറഞ്ഞു. മുറിവുകളില്‍ അണുബാധയുടെ സാന്നിധ്യമുണ്ടെങ്കില്‍ നീലനിറമായി മാറുന്നതും ഹൈഡ്രോജെലിന്റെ പ്രത്യേകതയാണ്.

ചെടികള്‍, പച്ചക്കറി, അരി, ഗോതമ്പ് എന്നിവയില്‍ കാണപ്പെടുന്ന ഫെറുലിക് ആസിഡാണ് ഹൈഡ്രോജെലിലെ പ്രധാന രാസഘടകം. ഒരേസമയം ആന്റിഓക്‌സിഡന്റും ആന്റിമൈക്രോബിയലുമായതിനാല്‍ രോഗാണുക്കളെ ചെറുത്തുനില്‍ക്കാനുള്ള ശേഷിയും ഹൈഡ്രോജെലിനുണ്ട്. ചര്‍മകോശങ്ങളുടെ പുനരുജ്ജീവനത്തിനും ഫെറുലിക് ആസിഡ് സഹായിക്കും. എല്‍-പ്രോലിനാണ് മറ്റൊരു രാസഘടകം.

നിലവില്‍ എലികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഇത് വിജയിച്ചത്തോടെ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ഹ്യൂമന്‍ എത്തിക്‌സ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയാലുടന്‍ പരീക്ഷണം തുടങ്ങുമെന്ന് ഫാത്തിമ പറഞ്ഞു. നിലവില്‍ ബാക്റ്റിഗ്രാസ് ഡ്രസിങ് സംവിധാനമാണ് പ്രമേഹരോഗികളില്‍ ഉപയോഗിക്കുന്നത്.

പ്രമേഹരോഗികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പലപ്പോഴും സങ്കീര്‍ണമാണ്. സൂക്ഷ്മമായ ഡ്രസിങ്ങും നിരന്തരമായ പരിപാലനവും അനിവാര്യമുള്ളതിനാല്‍ രോഗികള്‍ക്ക് ദുരിതമാണ്. കാലപ്പഴക്കമുള്ള മുറിവില്‍ അണുബാധയുണ്ടാവുന്നതും രോഗികള്‍ക്ക് ദുഷ്‌കരമാണ്. കൃത്യമായ ചികിത്സാരീതിയില്ലാത്തതിനെത്തുടര്‍ന്ന് അവയവങ്ങള്‍ മുറിച്ചുമാറ്റുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *