പിണറായിവിജയനുള്ള മറുപടിയുമായി ‘കേരള സ്റ്റോറി’ സംവിധായകൻ

മുംബൈ: മികച്ച സംവിധായകനടക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച ‘ദ കേരള സ്‌റ്റോറിയ്ക്കെതിരെ രാഷ്ട്രീയ ലോകത്തുനിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു . കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കുന്ന, പ്രൊപ്പഗാണ്ട ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.
ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നു എന്നായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനം .വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് നടപ്പാക്കിയത് എന്നും അദ്ദേഹം പറഞ്ഞു .
ഇതിനൊക്കെയുള്ള മറുപടിയുമായി അവാർഡ് ജേതാവായ സിനിമയുടെ സംവിധായകൻ സുദീപ്‌തോ സെന്‍ രംഗത്തെത്തി .എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുദീപ്‌തോ സെന്നിന്റെ പ്രതികരണം.
”വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് പിണറായി വിജയന്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ല, അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ വസ്തുത എന്തെന്നാല്‍, അദ്ദേഹത്തിന്റെ സീനിയര്‍ ആയ, ഈയ്യടുത്ത് അന്തരിച്ച, വിഎസ് അച്യുതാന്ദന്‍റെ, ‘കേരളം ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാന്‍ ശ്രമിക്കുന്നു’ എന്ന വാക്കുകളാണ് ഞങ്ങളൊരു സിനിമയാക്കിയത്. അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അച്യുതാനന്ദന്റെ പ്രസ്താവനയുടെ റെക്കോര്‍ഡ് ഞങ്ങളുടെ പക്കലുണ്ട്” -സുദീപ്‌തോ സെന്‍ പറഞ്ഞു .കേരളത്തിലെ മന്ത്രിമാര്‍ സിനിമ കണ്ടിരുന്നുവെങ്കില്‍ ചിത്രത്തെ വിമര്‍ശിക്കില്ലായിരുന്നുവെന്നും സുദീപ്‌തോ പറഞ്ഞു.
”വിഎസ് അച്യുതാനന്ദന് പല വഴിയ്ക്കും വിമര്‍ശനം നേരിടേണ്ടി വന്നപ്പോള്‍ പിന്തുണച്ചത് പിണറായിയാണ്. രാഷ്ട്രീയക്കാര്‍ സംസാരിക്കുമ്പോള്‍ ആരും പ്രതികരിക്കാന്‍ പോകരുത്. കാരണം അത് അവരുടെ ജീവിതമാണ്. അവര്‍ തങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ഞാനൊരു രാഷ്ട്രീയക്കാരനല്ല. സിനിമാക്കാരനാണ്. ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. 10-12 വര്‍ഷമാണ് എന്റെ ടീം കഷ്ടപ്പെട്ടത്. സിനിമയില്‍ പറഞ്ഞ ഓരോ വാക്കിലും ദൃശ്യങ്ങളിലും ഞാന്‍ ഉറച്ചു നില്‍ക്കുന്നു. രണ്ട് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ ഓരോ രംഗത്തിനും അംഗീകാരം തന്നത്. ഒരു കട്ട് പോലുമില്ല. ഞങ്ങളുടെ ബോധ്യത്തെ അംഗീകരിച്ചതായാണ് തോന്നുന്നത്” എന്നും സുദീപ്‌തോ സെന്‍ പറയുന്നു.