സംസ്ഥാന ബജറ്റ് ഇന്ന്.
- മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല.
തിരുവന്തപുരം : സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല.ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത കുറവാണ്.
ശമ്പള പരിഷ്കരണം നടപ്പാക്കിയത് 2019 ജൂലൈ മുതൽ. 2021 ഫെബ്രുവരി 28 വരെയുള്ള കുടിശിക നാല് ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു ഉറപ്പ്. 2023 ഏപ്രിലിൽ നൽകേണ്ട ആദ്യ ഗഡു സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞ് ഉത്തരവിറക്കി നീട്ടി, ഒക്ടോബർ ഒന്നിന് കിട്ടേണ്ട രണ്ടാം ഗഡുവും കൊടുത്തിട്ടില്ല.ക്ഷേമ പെൻഷൻ മുതൽ സപ്ലൈകോയും നെല്ല് സംഭവണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളിൽ തടസമില്ലാത്ത ഇടപെടുകൾക്ക് സംവിധാനമുണ്ടാകും.
നികുതികളും സെസ്സും അടക്കം വരുമാന വര്‍ദ്ധനക്ക് സര്‍ക്കാരിന് മുന്നിൽ മാര്‍ഗങ്ങൾ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി സാധാരണക്കാരന് അധിക ബാധ്യതയാകുന്ന നിര്‍ദ്ദേശങ്ങൾ അധികമുണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു. വൻകിട പദ്ധതികൾക്കും സര്‍ക്കാര്‍ മിഷനുകൾക്കും പണം കണ്ടെത്തും വിധം നിര്‍ദ്ദേശങ്ങൾക്കുമുണ്ടാകും മുൻഗണന. വരുമാന പരിധികൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ സേവനങ്ങളിൽ പരിഷ്കരണങ്ങൾ വന്നേക്കാം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികളുണ്ടാകും.