കേരളത്തിലും എസ്ഐആര്‍, 12 സംസ്ഥാനങ്ങളില്‍ നവംബര്‍ നാലിനു തുടക്കം

0
GAYESH

ന്യൂഡല്‍ഹി: രണ്ടാം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആദ്യ ഘട്ടമായി ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിജയകരമായി നടപ്പാക്കി. രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ നടപടിക്രമം ആരംഭിക്കുമെന്നും വീടുതോറുമുള്ള എണ്ണല്‍ ഘട്ടത്തിന് നവംബര്‍ 4 മുതല്‍ തുടക്കമാകുമെന്നും ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.കേരളത്തിന് പുറമേ ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികകളും ഈ ഘട്ടത്തില്‍ പരിഷ്‌കരിക്കും. ഓരോ സംസ്ഥാനത്തും വീടുതോറുമുള്ള എണ്ണല്‍ ഘട്ടം നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെയായിരിക്കും.

ഡിസംബര്‍ 9 ന് കരട് പട്ടിക പുറത്തിറക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതല്‍ ജനുവരി 8 വരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. അന്തിമ പുതുക്കിയ വോട്ടര്‍ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. എസ്‌ഐആര്‍ നടത്തുന്ന സംസ്ഥാനങ്ങളില്‍, ഇന്ന് രാത്രി അര്‍ദ്ധരാത്രിയോടെ നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. പിന്നീട്, എല്ലാ വിശദാംശങ്ങളും അടങ്ങിയ സവിശേഷ എണ്ണല്‍ ഫോമുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.തെറ്റുകളോ ഇരട്ടിപ്പുകളോ തിരിച്ചറിഞ്ഞ് വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലക്ഷ്യമിടുന്നത്. 1951 മുതല്‍ എട്ട് തവണ ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അവസാനമായി നടന്നത് 2002 നും 2004 നും ഇടയിലാണ്. 21 വര്‍ഷത്തിന് ശേഷമാണ് വീണ്ടും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *