ആയിരങ്ങളെ ആകർഷിച്ച് കേരളീയസമാജം ഡോംബിവ്ലിയുടെ വനിതാസംരംഭകമേള (VIDEO)

ഡോംബിവ്ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കേരളീയ സമാജം ഡോംബിവ്ലിയുടെ വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സമാജം അംഗങ്ങളായ
വനിതാ സംരംഭകരുടെ രണ്ടാമത് ഉൽപ്പന്ന പ്രദർശന – വിൽപ്പന മേളയ്ക്ക് ഗംഭീര തുടക്കം !
ജനപങ്കാളിത്തം കൊണ്ടും വനിതാ സംരംഭകരയുടെ പ്രാതിനിധ്യം കൊണ്ടും സംരംഭം വലിയ വിജയമായിരിക്കയാണ് . ഡോംബിവ്ലി ഈസ്റ്റ് മോഡൽ ഇംഗ്ലീഷ് സ്കൂളിൽ (പാണ്ഡുരംഗ് വാഡി )
നടക്കുന്ന പ്രദർശനം ഇന്നുരാത്രി 9 .30 വരെ തുടരും. ഓർഗാനിക് ആയിട്ടുള്ള വിവിധ ഭക്ഷ്യ ഇനങ്ങൾ- സൗന്ദര്യവർദ്ധക വസ്തുക്കൾ , പായസം ,തേൻ ,മധുവര പലഹാരങ്ങൾ , ,കുട്ടികൾക്കായുള്ള പുസ്തകങ്ങൾ ,വൈവിധ്യമാർന്ന വസ്ത്രങ്ങൾ ,പുതപ്പ് ,ആഭരണങ്ങൾ ,ഗൃഹോപകരണങ്ങൾ, ഇൻഷുറൻസ് , തുടങ്ങിയ
നൂറിലധികം വനിതാകൂട്ടായ്മ ഒരുക്കിയ അമ്പതിലധികം സ്റ്റാളുകൾ ഇത്തവണത്തെ മേളയിലുണ്ട്.
കഴിഞ്ഞ വർഷം നടത്തിയ ആദ്യ സംരംഭക മേളയ്ക്ക് മികച്ച പ്രതികരണമായിരുന്നു.ആ വിജയം ഇരട്ടി സ്റ്റാളുകളിലൂടെ വീണ്ടും ആവർത്തിച്ചിരിക്കയാണ്.
ഇന്ന് രാവിലെ 10മണിക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ റിബ്ബൺ മുറിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ച് സമാജം
തുടങ്ങിയ പദ്ധതികളെക്കുറിച്ചും വർദ്ദിച്ചുവരുന്ന വനിതകളുടെ പങ്കാളിത്തത്തെക്കുറിച്ചും ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സംസാരിച്ചു.എല്ലാവരുടെയും സഹകരണമുണ്ടായാൽ മൂന്നാമത്തെ മേള ഇതിലും വിശാലമായ ഒരു സ്ഥലത്തുവെച്ച് വലിയ രീതിയിൽ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സമാജം ചെയ്തുവരുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും സമാജം അംഗങ്ങളുടെ ക്ഷേമത്തിനായി തുടർന്നുവരുന്ന പദ്ധതികളെക്കുറിച്ചും ചെയർമാൻ വർഗ്ഗീസ് ഡാനിയൽ സംസാരിച്ചു .
മുണ്ടകൈ -ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 30ലക്ഷം രൂപ സമാജം നൽകിയതും നിർധനരായവർക്ക് വേണ്ടി സമൂഹ വിവാഹം സംഘടിപ്പിച്ചതും വനിതാസംരംഭകമേളയും സമാജത്തിൻ്റെ യുവതയ്ക്കുവേണ്ടി ഒരു ദിനം നീക്കിവെച്ചതും കായികരംഗത്തും കലാമേഖലകളിലും പ്രായഭേദമന്യേ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ പഠനക്ലാസ്സുകളുമെല്ലാം സമാജത്തിന്റെ പുരോഗമനപരവും സാമൂഹ്യപ്രതിബദ്ധതയുമുള്ള നിലപാടുകൾക്കുള്ള ഉദാഹരണമാണ് എന്ന് വർഗ്ഗീസ് ഡാനിയൽ പറഞ്ഞു.സമാജത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത പ്രവർത്തനങ്ങളാണ് അംഗങ്ങളുടെ ക്ഷേമത്തിനായി ഈ ഭരണസമിതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു .
കലാവിഭാഗം സെക്രട്ടറി സുരേഷ്കുമാർ കെകെ ഭരണസമിതി അംഗം ശ്യാമനായർ എന്നിവർ സംസാരിച്ചു .ട്രഷറർ മനോജ് നായർ നന്ദി പറഞ്ഞു .
ഗുരു ജ്യോതി അയ്യർ ,അമൃത സുരേഷ് ,ഷീബ ജയൻ എന്നിവരുടെ ശിക്ഷണത്തിലുള്ള സൗജന്യ, ഭരതനാട്യം മോഹിനിയാട്ടം തിരുവാതിരകളി ക്ലാസ്സുകളുടെ ഉദ്ഘാടനവും ഇന്ന് നടന്നു. സമാജത്തിന്റെ ഓണാഘോഷത്തിൽ പങ്കെടുത്ത അഞ്ഞൂറോളം കലാപ്രതിഭകൾക്കുള്ള പുരസ്ക്കാരദാനം ഇന്ന് നടക്കും.