മയക്കുമരുന്നിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കേരള പൊലീസ്

0

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം കേരള പൊലീസ് ഊര്‍ജിതമാക്കിയതോടെ സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തുകള്‍ക്ക് മിക്കതിനും പിടിവീണ് തുടങ്ങി. മലപ്പുറത്ത് ബസില്‍ നിന്നും പാലക്കാട് ട്രെയിനില്‍ നിന്നും ലഹരിമരുന്ന് പിടികൂടി.

മലപ്പുറത്ത് ബസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന ഇരുന്നൂറോളം ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് നല്ലളം സ്വദേശി നവിൻ ബാബു (27) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിന് പിടിവീണത്. സ്വകാര്യ ബസിൽ കോഴിക്കോട് നിന്നും പാണ്ടിക്കാട് വരികയായിരുന്ന നവീൻ ബാബുവിനെ മൂരിപ്പാടത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.

തീവണ്ടിയിൽ കേരളത്തിലേക്ക് കടത്തിയ 47.7 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചത്. പശ്ചിമ ബംഗാൾ ഹൂഗ്ളി സ്വദേശികളായ സജൽ ഹൽദർ, ലൗലി മലാകർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ട്രോളി ബാഗുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പിടികൂടിയ ലഹരി വസ്‌തുവിന് 24 ലക്ഷത്തോളം രൂപ വില വരും.

ഇന്ന് രാവിലെ പാലക്കാട് ജങ്‌ഷന്‍ റെയിൽവെ സ്റ്റേഷനിലെത്തിച്ചേർന്ന സന്ത്രാഗച്ചി – മംഗലാപുരം വിവേക് എക്പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും. ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും റെയിൽവെ പൊലീസ് ഡാൻസാഫ് സ്ക്വാഡും എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് കണ്ണൂർക്കാണ് ചരക്ക് കൊണ്ടുപോയിരുന്നത്. അറസ്റ്റിലായ യുവാവിൻ്റെ പേരിൽ കണ്ണൂരിൽ കഞ്ചാവ് കേസ് നിലവിലുണ്ട്.
അതിനിടെ ലഹരി മാഫിയയുടെ ഉറവിടത്തിലേക്ക് എത്തുന്നതിന് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും സംയോജിപ്പിച്ചുള്ള നീക്കത്തിന് കേരള പൊലീസ് നേതൃത്വം നല്‍കുകയാണ്. തമിഴ്‌നാട്, കർണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ എന്നിവിടങ്ങളിലെ പൊലീസ്, എക്സൈസ് വകുപ്പുകളാണ് കേരളവുമായി സഹകരിക്കുന്നത്.

സിന്തറ്റിക് മരുന്നുകളുടെയും മറ്റ് മയക്കുമരുന്നുകളുടെയും കേരളത്തിലേക്കുള്ള ഒഴുക്ക് തടയുകയെന്നതാണ് പ്രാഥമിക ലക്ഷ്യം. എഡിജിപി മനോജ് എബ്രഹാമാണ് ഓപ്പറേഷന് നേതൃത്വം നൽകുന്നത്. ഈ പദ്ധതി ആരംഭിച്ച് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ ഈ മേഖലകളിലുടനീളം 12 മുഖ്യ മയക്കുമരുന്ന് വിതരണക്കാരെ അധികൃതർ അറസ്റ്റ് ചെയ്‌തു.നിരവധി റെയ്‌ഡുകൾ നടത്തുകയും തമിഴ്‌നാട്ടിലെ മയക്കുമരുന്ന് സംഭരണ ​​കേന്ദ്രം റെയ്‌ഡ് ചെയ്‌ത് 128 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്‌തു. ആന്ധ്രാപ്രദേശിൽ എംഡിഎംഎയുടെ മൊത്തവ്യാപാര വിതരണക്കാരനെയും അറസ്റ്റ് ചെയ്‌തു. ആൻഡമാൻ ദ്വീപിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‌തു.

റെയിൽ മാർഗത്തിലൂടെ മയക്കുമരുന്നിൻ്റെ കടത്ത് തടയാൻ ആർപിഎഫിനും റെയിൽവെ പൊലീസിനും നിർദേശം നൽകിയിരുന്നു. മയക്കുമരുന്ന് കേസിൽ പ്രതികളായവരുടെ ഫോൺ നിരന്തരം ട്രാക്ക് ചെയ്യുകയും വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുകയും തുടർന്ന് ഇത് മറ്റ് സംസ്ഥാനങ്ങളിലെ ഏജൻസികളുമായി പങ്കിടുകയും ചെയ്യുന്നതാണ് പ്രവര്‍ത്തന രീതി. പൊലീസ് തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *