കേരള പൊലീസിന് സൈന്യത്തിന്റെ കുതിര

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു കുതിരകളെ എത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. രണ്ട് വര്‍ഷത്തെ കടലാസ് ജോലികളും രാഷ്ട്രപതിയുടെ അംഗീകാരം നേടല്‍ അടക്കമുള്ള വെല്ലുവിളികള്‍ക്കെല്ലാം ഒടുവിലാണ് ശ്രമം ഫലവാത്തായത്. തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലാണ് കേരള പൊലീസിലെ ഏക കുതിരസേനയുള്ളത്. സൈന്യത്തിന്റെ റീമൗണ്ട് വെറ്ററിനറി കോര്‍പ്‌സില്‍ (ആര്‍വിസി) നിന്ന് മൂന്ന് കുതിരകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഇതാദ്യമായാണ് സൈന്യത്തില്‍ നിന്ന് നേരിട്ട് കുതിരകളെ ലഭിക്കുന്നത്. ഓരോ കുതിരയ്ക്കും 6 മുതല്‍ 8 ലക്ഷം രൂപ വരെയാണ് വില.
സൈന്യത്തില്‍ നിന്ന് എട്ട് കുതിരകളെ വാങ്ങാനായി പൊലീസ് തുടക്കത്തില്‍ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം മൂന്ന് മുതല്‍ നാല് വയസ് വരെ പ്രായമുള്ള മൂന്ന് കുതിരകളെ മാത്രം വില്‍ക്കാനാണ് സൈന്യം ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലുള്ള റീമൗണ്ട് ഡിപ്പോ ആന്‍ഡ് ട്രെയിനിങ് സ്‌കൂളില്‍ പരിശീലനം നേടിയ കുതിരകളെയാണ് പുതിയതായി എത്തിക്കുന്നത്. അവയെ ട്രെയിന്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്. പരിശീലനം ലഭിച്ച പൊലീസുകാരും ഒപ്പമുണ്ടാകും.