ഇന്റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്

തിരുവനന്തപുരം:ഇന്റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് ഇറക്കിയ, യുഎസ് തേടുന്ന ലിത്വാനിയന്‍ പൗരന് അലക്സേജ് ബെസിയോകോവിനെയാണ് (46) കേരള പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കലയിലെ ഹോം സ്റ്റേയിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്.
ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനാണ് അലക്സേജ് ബെസിയോകോവ്. ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജി) ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാനാണ് അലക്സേജ് ബെസിയോകോവ് വർക്കലയിലെത്തിയത്. രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന ഇയാളെ ഇന്റർപോൾ യൂണിറ്റിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുഎസിന്റെ അപേക്ഷ പരിഗണിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനെ തുടർന്നാണ് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പ്രതിയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ശേഷം യുഎസിനു കൈമാറാനാണു നീക്കം.