മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത നാട് …
സംസാര ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ സംസ്ഥാനങ്ങളായി വിഭാഗിച്ച ദിനമാണ് 1956 നവംബര്‍ 1. 1947 ല്‍ സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീനതയില്‍ നിന്നും സ്വതന്ത്രമായ ശേഷം ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടതിന്‍റെ ഫലമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഭാരത ഗവണ്മെന്റിന്‍റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങളുമായി മലയാളം പ്രധാന ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിചേര്‍ത്താണ് 1956നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. കേരളം രൂപീകൃതമാവുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നെങ്കിലും വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെയായിരുന്നു കേരളം. ഫസല്‍ അലി തലവനും സര്‍ദാര്‍ കെ.എം.പണിക്കര്‍, പണ്ഡിറ്റ് ഹൃദയനാഥ് എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവത്കരിക്കുന്നത് 1953 ല്‍ ആണ്.1955ല്‍ കേന്ദ്ര ഗവണ്മെന്റിനു കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരള സംസ്ഥാന രൂപീകരണത്തിനും ശുപാര്‍ശ ഉണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്ന് മാസം കഴിഞ്ഞു ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയപ്പോള്‍ തിരുവതാംകൂറിലെ ചില താലൂക്കുകളും ചെങ്കോട്ട താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേര്‍ക്കപ്പെടുകയും ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ക്കപ്പെട്ടു. തന്മൂലം കന്യാകുമാരി കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെ മലബാര്‍ പ്രദേശം കേരളത്തോട് ചേര്‍ക്കപ്പെടുകയും ചെയ്തു. 1957 ഫെബ്രുവരി 28 നു നടന്ന കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ നിലവില്‍ വന്നു.
നൂറ്റാണ്ടുകളുടെ വ്യാപാരം, കുടിയേറ്റം, വിവിധ സംസ്‌കാരങ്ങളുമായുള്ള ഇടപെടലുകൾ എന്നിവയാൽ രൂപപ്പെട്ട കേരളത്തിൻ്റെ ചരിത്രവും അതിൻ്റെ സംസ്കാരം പോലെ തന്നെ വൈവിധ്യവും ഊർജ്ജസ്വലവുമാണ്. ഈ സമ്പന്നമായ ഭൂതകാലം “കേരളത്തിൻ്റെ സംസ്കാരത്തെ” ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്, ഇത് പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും അതുല്യമായ മിശ്രിതമാക്കി മാറ്റുന്നു.
വിദേശ വ്യാപാരികളെ ആകർഷിക്കുന്നതിൽ സുഗന്ധവ്യഞ്ജന വ്യാപാരം നിർണായക പങ്ക് വഹിക്കുന്ന കേരളത്തിൻ്റെ ചരിത്രം പുരാതന കാലം മുതലുള്ളതാണ്. ഈ പ്രദേശം കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധിക്ക് പേരുകേട്ടതാണ്, ഇത് ലോകമെമ്പാടുമുള്ള വ്യാപാരികളെ ആകർഷിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള ഈ ഇടപെടലുകൾ കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കി .
“കേരളത്തിൻ്റെ കലയും സംസ്കാരവും” പുരാതന ചേരന്മാർ മുതൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടം വരെയുള്ള വിവിധ രാജവംശങ്ങളും ഭരണാധികാരികളും സ്വാധീനിച്ചിട്ടുണ്ട്. കഥകളി പോലുള്ള ക്ലാസിക്കൽ കലകളുടെ വികാസത്തിലൂടെയോ ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലും കാണുന്ന വാസ്തുവിദ്യാ ശൈലികളിലൂടെയോ ആകട്ടെ, ഓരോ കാലഘട്ടവും കേരളത്തിൻ്റെ സാംസ്കാരിക ഘടനയ്ക്ക് സംഭാവന നൽകി.
“കേരളത്തിൻ്റെ സംസ്കാരം” രൂപപ്പെടുത്തുന്നതിൽ മതം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവ സമാധാനപരമായി സഹവർത്തിത്വമുള്ള സംസ്ഥാനം മതപരമായ വൈവിധ്യത്തിന് പേരുകേട്ടതാണ്. ഈ ഐക്യം സംസ്ഥാനത്തിൻ്റെ ഉത്സവങ്ങളിലും പാചകത്തിലും കലയിലും പ്രതിഫലിക്കുന്നു.
കേരളത്തിൻ്റെ ഭക്ഷണവും സംസ്ക്കാരവും അടുത്ത ബന്ധമുള്ളതാണ്, സംസ്ഥാനത്തിൻ്റെ പാചകരീതി അതിൻ്റെ വൈവിധ്യമാർന്ന കാർഷിക സാംസ്കാരിക സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്നു. സദ്യയും വിവിധതരം കടൽ വിഭവങ്ങളും കേവലം ഭക്ഷണവിഭവങ്ങൾ മാത്രമല്ല, കേരള സംസ്കാരത്തിൻ്റെ പ്രത്യേകതയെ പ്രതിനിധീകരിക്കുന്നു .
ആധുനിക കാലത്ത് കേരളം അതിൻ്റെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് മാറ്റങ്ങളെ സ്വീകരിച്ചു. വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വളരുമ്പോൾ ഈ മുന്നേറ്റം നമ്മുടെ സാംസ്കാരിക പൈതൃകം നിലനിർത്തികൊണ്ടാകുന്നു എന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. ഇതിലെ ഏറെയും സന്തോഷിക്കുന്നത് മറുനാടൻ മലയാളികളാണ് .
ലോകത്തിലെവിടെയുമുള്ള മലയാളികൾ അവരുടെ ‘ഐഡൻറിറ്റി’ നിലനിർത്തുന്നതും ഈ സാംസ്‌കാരികതയുടെ പിൻബലത്തിൽ തന്നെയാണ്.
വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഒട്ടേറെ ഉയരങ്ങള്‍ കീഴടക്കിയ കേരളം ഇനിയും മുന്നേറുവാനും ലോകത്ത് തലയെടുത്ത് നില്‍ക്കാനും അനിവാര്യമായത് ഒരുമിച്ചുള്ള പ്രയത്നങ്ങളാണ് .ഈ ഒരുമയും മലയാളിയെന്ന തിരിച്ചറിവുമാണ് നമ്മുടെ അതിജീവന ശക്തിയെന്ന് നമ്മൾ എത്രയോ തവണ തെളിയിച്ചു കഴിഞ്ഞതാണ്. ഒരു ദുരന്തത്തിനും കേരളത്തെ തളർത്താൻ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല!
‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി എം. എസ്. ബാബുരാജ് ഈണമിട്ട് പി. ബി. ശ്രീനിവാസ് പാടിയ ആ പഴയപാട്ട് ഒരിക്കൽകൂടി ഓർത്തുകൊണ്ട് നിർത്തുന്നു.
“മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് കൊച്ചു
മലയാളമെന്നൊരു നാടുണ്ട്
കാടും തൊടികളും കനക നിലാവത്ത്
കൈകൊട്ടി കളിക്കുന്ന നാടുണ്ട്…”
ലോകമെമ്പാടുമുള്ള എല്ലാ ‘സഹ്യ ന്യൂസ് ‘ പ്രേക്ഷകർക്കും സ്നേഹത്തോടെ കേരളപ്പിറവി ആശംസിക്കുന്നു.