കായിക മന്ത്രിക്ക് വിവരക്കേടെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്

തിരുവനന്തപുരം :ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിൽ കായിക സംഘടനകള്‍ക്കെതിരെ ആരോപണവുമായി മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാര്‍ .കായിക സംഘടനകളാണ് ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് സുനിൽകുമാർ പറഞ്ഞു.
കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്‍റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സുനിൽ കുമാര്‍ തുറന്നടിച്ചു. കായിക സംഘടനകള്‍ കള്ളന്മാരാണെന്ന് മന്ത്രി വിളിച്ചത് തെറ്റാണ്. പണം തരാതെ എങ്ങനെ പുട്ടടിക്കുമെന്നും സുനിൽ കുമാര്‍ ചോദിച്ചു. കായിക സംഘടനകളെ മന്ത്രി അപമാനിച്ചു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉള്‍പ്പെടുത്താൻ മന്ത്രി എന്താണ് ചെയ്തതെന്നും സുനിൽ കുമാര്‍ ചോദിച്ചു. ഹാന്‍ഡ്ബോളിൽ ഹരിയാനയ്ക്ക് സ്വര്‍ണം കിട്ടാൻ ഗൂഢാലോചന നടത്തിയെന്ന് ഒരു കളിക്കാരനും പറയില്ലെന്നും സുനിൽ കുമാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഒരു കായിക സംഘടനയ്ക്കും ഫണ്ട് നൽകിയിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് മന്ത്രി പ്രതികരിച്ചതെന്നും സുനിൽകുമാര്‍ പറഞ്ഞു.
നേരത്തെ കായിക മന്ത്രി വട്ടപൂജ്യമാണെന്നും കേരളത്തിന്‍റെ കായിക മേഖലയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും സുനിൽ കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി സുനിൽ കുമാറിനും കായിക സംഘടനകള്‍ക്കുമെതിരെ തുറന്നടിച്ചത്. പിടി ഉഷക്കെതിരെയും മന്ത്രി ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം കായിക സംഘടനകൾക്കാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. വിമർശനം പറഞ്ഞയാള്‍ ഹോക്കി പ്രസിഡന്‍റാണെന്നും സുനിൽ കുമാറിനെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു.