വയനാടിന് വേണ്ടി ലോകസഭയിൽ കേരള എംപിമാരുടെ പ്രതിഷേധം
ന്യൂഡൽഹി: വയനാടിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന് പുറത്ത് കേരള എംപിമാരുടെ പ്രതിഷേധം. പാർലമെന്‍റിന്‍റെ മകര്‍ദ്വാര്‍ കവാടത്തിന് മുന്നിലാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ, സിപിഎം എംപി ജോൺ ബ്രിട്ടാസ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ‘ജസ്‌റ്റിസ് ഫോര്‍ വയനാട്’, ‘വയനാട് കോ ന്യായോ, ബേദ്ബാവ് നാ കരേൻ’ (വയനാടിന് നീതി, വിവേചനം പാടില്ല) തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.
വയനാടിന് പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുകയാണെന്ന് പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.