സുജിത് ദാസിനെതിരെ വീട്ടമ്മ; ‘തനിച്ചു വരണമെന്ന് പറഞ്ഞു, ജൂസ് തന്നു, 2 തവണ ബലാത്സംഗം ചെയ്തു’

0

മലപ്പുറം∙ എസ്‌പിയായിരുന്ന എസ്.സുജിത് ദാസ് ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ ആരോപണം. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ‌ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു.

കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി.വി.അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങള്‍ തുറന്നു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. സുജിത്ദാസുമായി നടത്തിയ ഫോൺ സംഭാഷണം അൻവർ പുറത്തുവിട്ടതോടെയാണ് സുജിത്തിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. സംഭാഷണത്തിൽ എഡിജിപിക്കെതിരെയും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും വിവാദ പ്രസ്താവനകളുള്ള സാഹചര്യത്തിലായിരുന്നു സസ്പെൻഷൻ.

സുജിത്ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ പറയുന്നത്. കുട്ടിയില്ലാതെ തനിച്ചു കാണാൻ വരാൻ എസ്പി ആവശ്യപ്പെട്ടു. കോട്ടയ്ക്കലിലേക്ക് വരാൻ പറഞ്ഞു. എസ്പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് എസ്പി ആദ്യം പീഡിപ്പിച്ചത്. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്.

ജൂസ് കുടിക്കാൻ തന്നശേഷം എസ്പി ബലാത്സംഗം ചെയ്തു. വലിയൊരു വീട്ടിൽവച്ചായിരുന്നു പീഡനമെന്നും വീട്ടമ്മ പറയുന്നു. ബലാത്സംഗ പരാതിയുമായാണ് വീട്ടമ്മ ഓഫിസിൽ എത്തിയതെന്ന് സുജിത്ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓഫിസിൽ വച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *