സംസ്ഥാനം കൊടും ചൂടിൽ; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും
സംസ്ഥാനത്ത് കൊടും ചൂടിലോട്ട്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്.ഈ ജില്ലകളടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്.കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും 40°c മുകളിൽ ചൂട് പാലക്കാട് രേഖപ്പെടുത്തിയിരുന്നു. പാലക്കാട് ഇന്നലെ സാധാരണയെക്കാൾ 4.4°c കൂടുതൽ ചൂട് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് സിറ്റിയിൽ സാധാരണയെക്കാൾ 4.6°c കൂടുതൽ ചൂടും ഇന്നലെ രേഖപ്പെടുത്തി. പുനലൂർ, കണ്ണൂർ എയർപോർട്ട്, തൃശൂർ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളിൽ 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ഇന്നലത്തെ താപനില.
സംസ്ഥാനത്ത് പൊള്ളുന്ന ചൂട് ഈ ആഴ്ച കൂടി തുടർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പിനോടൊപ്പം, സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കാനും സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്കും സാധ്യത. പകൽചൂടിനൊപ്പം രാത്രികാല താപനിലയും അസഹനീയമായ നിലയിലാണ്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച് ഇടണം എന്നതടക്കമുള്ള നിർദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കൊടുംചൂടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന സർക്കാർ ഉത്തരവ് കോട്ടയത്തെ പാലാ സെന്റ് ജോസഫ് കോളജ് തള്ളി. വിദ്യാർത്ഥികൾ കോളേജിൽ എത്തണമെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ സന്ദർശനം ഉണ്ടെന്നാണ് ഇതിന്റെ വിശദീകരണം. സംസ്ഥാനത്ത് വേനൽ മഴ തുടരും.ഉച്ചയ്ക്കുശേഷം മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.