ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല : സുപ്രീംകോടതിയുടെ പരാമർശത്തിനെതിരെ കേരള ഗവർണ്ണർ

തിരുവനന്തപുരം: ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി പരാമർശത്തിനെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെൻ്റാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഹർജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടന ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടന വിഷയമായിരുന്നുവെന്നും അർലേക്കർ പറഞ്ഞു.
ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ല. ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാർലമെൻ്റാണ്.പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ഭേദഗതിയാക്കേണ്ടതാണ് ഇത്തരം വിഷയങ്ങൾ. എന്നിരിക്കെ അവിടെയിരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടന ഭേദഗതി തീരുമാനിക്കുന്നത്. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ബില്ലിന് സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അവർ അത് പാർലമെൻ്റിലൂടെ തീരുമാനിക്കട്ടെയെന്നും അർലേക്കർ പറഞ്ഞു.
ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വിഷയങ്ങൾ വ്യത്യസ്തമാണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാവാം. അവർ അതു പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ എട്ടിനാണ് തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്ക് എതിരെ സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ സുപ്രധാന വിധി വരുന്നത്. ഗവർണർ ഭരണഘടനയ്ക്ക് അനുസൃതമായും മന്ത്രിസഭയുടെ ഉപദേശാനുസരണവും പ്രവര്‍ത്തിക്കണമെന്നും ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് യാതൊരു വിവേചനാധികാരവുമില്ലെന്നും കോടതി ഓർമിപ്പിച്ചു.
ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ല. അനിശ്ചിതകാലം ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്കാകില്ല. തടഞ്ഞുവയ്ക്കണോ രാഷ്ട്രപതിക്ക് വിടണോ എന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം. ബില്‍ തടഞ്ഞുവച്ചാല്‍ മൂന്നുമാസത്തിനുള്ളില്‍ തിരിച്ചയക്കണം. നിയമസഭ വീണ്ടും ബില്‍ പാസാക്കി അയച്ചാല്‍ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.
സർക്കാർ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കാതെ 10 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി റദ്ദാക്കിയ സുപ്രീംകോടതി നിയമസഭ പാസാക്കിയ ബില്ലുകളില്‍മേല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളതെന്ന് നിരീക്ഷിച്ചു. അംഗീകാരം നല്‍കാം, തടഞ്ഞുവയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ബില്ലുകള്‍ തടഞ്ഞുവച്ചശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്നും സുപ്രീംകോടതി വിലയിരുത്തി.
കേരളത്തിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞു വയ്ക്കുകയും അത് വിവാദത്തിലാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.