ധനമാനേജ്‌മെന്റില്‍ കേരളം പരാജയം കേന്ദ്രം സുപ്രീം കോടതിൽ
- സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷമറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍.
ന്യൂഡൽഹി : കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷമറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍.വിവിധ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടുകളും സംസ്ഥാനസര്‍ക്കാര്‍ മുമ്പ് ഇറക്കിയ ധവളപത്രവും ഉദ്ധരിച്ചുകൊണ്ടു കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് വളരെ മോശമാണെന്ന റിപ്പോർട്ടാണ് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയത്. കേരളം പൊതുധനം കൈകാര്യംചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും കേന്ദ്രം പറഞ്ഞു.
നിയമവും വായ്പപ്പരിധിയും മറികടക്കാനാണ് കേരളം ബജറ്റില്‍ ഉള്‍പ്പെടുത്താതെ കിഫ്ബി, കെ.എസ്.എസ്.പി.എല്‍. എന്നിവയില്‍നിന്ന് വായ്പയെടുക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു. കടമെടുപ്പിന് പരിധി നിശ്ചയിച്ച് സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നെന്നുകാട്ടി കേരളം സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ വിശദമായ കുറിപ്പ് നൽകിയത്. കേസ് 13-ന് സുപ്രീംകോടതി പരിഗണിക്കും.