കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ടു..
കൊച്ചി: കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ടു. ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്.
ഭരണസമിതി അഴിമതി ആരോപിച്ചുകൊണ്ട് മുന്‍ അംഗം എന്‍ മനോജ് ആണ് നേരത്തെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തി. അതില്‍ അഴിമതി നടന്നതായി കണ്ടെത്തുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ രജിസ്ട്രാര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നിര്‍മാതാവും വിതരണക്കാരനുമായ ലിസ്റ്റിന്‍ സ്റ്റീഫനാണു കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്റെ പ്രസിഡന്റ്.
മാജിക് ഫ്രെയിംസ് എന്ന നിര്‍മാണകമ്പനിയിലൂടെ 24-ാം വയസ്സിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമാ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ട്രാഫിക്ക് ആയിരുന്നു ആദ്യ നിര്‍മ്മാണ സംരംഭം. ആ വര്‍ഷം ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ട്രാഫിക്കിന് ലഭിച്ചു. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ (മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍) ഡ്രൈവിങ് ലൈസന്‍സ്, കൂമന്‍, കടുവ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.