എൽസ 3 കപ്പൽ അപകടത്തില്‍ കേസെടുത്ത് കേരളം

0

കൊച്ചി: അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേരളം കേസെടുത്തു. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ് എടുത്തത്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേരള സർക്കാർ. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോൾ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം. എംഎസ്‍സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവർത്തനത്തിന് എംഎസ്‍സിക്ക് സൽപ്പേര് ആവശ്യമാണെന്നും ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കി.

സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിൻറെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പായിരുന്നു. എന്നാൽ നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്കാണ് ആദ്യ മുൻഗണനയെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെയും നിലപാട്. മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം തുടങ്ങിയിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *