ബജറ്റ് 2025 :കേരളം പ്രതീക്ഷിച്ചതൊന്നും കേന്ദ്ര പ്രഖ്യാപനത്തിലില്ല
ന്യുഡൽഹി/ കേരളം :.കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച 2025-26 ലേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ലാത്തതിൽ നിരാശയും പ്രതിഷേധവും.മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസിനെക്കുറിച്ചും ധനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളം ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും കിട്ടിയില്ല. സില്‍വര്‍ലൈന്‍ പദ്ധതിയിലും കേരളത്തിന് നിരാശ തന്നെ.
രാജ്യത്തെയാകെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ശേഷം ആ പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജുകളൊന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല..അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24,000 കോടിയുടെ പ്രത്യേക പാക്കേജ് ഏറെ പ്രതീക്ഷിച്ചതായിരുന്നു. മുണ്ടക്കൈ പുനരധിവാസത്തിനായി 2000 കോടിയും വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ 1000 കോടിയും വിഴിഞ്ഞം തുറമുഖത്തിവായി 5000 കോടിയും കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവയൊന്നും പരിഗണിക്കപ്പെട്ടതേയില്ല.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിച്ചും ബിഹാറിനെ പ്രത്യേകമായി പരിഗണിച്ചും നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. ബിഹാറില്‍ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെത്തുമെന്നുള്ള വന്‍കിട പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ബജറ്റിലുണ്ട്. ഐഐടി പട്‌നയ്ക്കും പരമാവധി പ്രോത്സാഹനം നല്‍കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട് എന്നത് ബജറ്റ് വ്യക്തമാക്കുന്നു.
ആരോഗ്യദായകമായ സ്‌നാക് എന്ന പേരില്‍ ഇപ്പോള്‍ വലിയതോതില്‍ അംഗീകരിക്കപ്പെടുന്ന മഖാനയെ പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ ‘മഖാന ബോര്‍ഡ് ‘സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
(മഖാന എന്നറിയപ്പെടുന്ന താമരവിത്ത്, ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട വിഭവം. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായും മഖാനയില്‍ അടങ്ങിയിരിക്കുന്നത്. കലോറി കുറവായത് കൊണ്ട് ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് ധൈര്യമായി കഴിക്കാം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഖാനയ്ക്കു കഴിവുണ്ട് .ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്.)
ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കാന്‍ മാത്രമല്ല പാറ്റ്‌നയില്‍ ഉള്‍പ്പെടെ മറ്റ് വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും ബജറ്റില്‍ പ്രോത്സാഹനമുണ്ട്. ബിഹാറിലെ മിതിലാഞ്ചല്‍ സ്വദേശികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒരു പ്രഖ്യാപനവും ധനമന്ത്രി ഇന്ന് നടത്തി. മിതിലാഞ്ചല്‍ വെസ്‌റ്റേണ്‍ കോസി കനാല്‍ നിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇത്5 0000ലധികം കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകും.