കടമെടുപ്പ് പരിധി; കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

0

ദില്ലി : കടമെടുപ്പ് പരിധിയിലെ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം. കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു സുപ്രീം കോടതി. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും, സുപ്രീം കോടതി വക്തമാക്കി. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം എന്നും സുപ്രീം കോടതി പറഞ്ഞു. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വക്തമാക്കി. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

കേരളവും കേന്ദ്രവും തമ്മിൽ ഇതേപറ്റി മുമ്പ് ച‍ര്‍ച്ച നടത്തിയിരുന്നു. 13,600 കോടി കേരളത്തിന് നൽകാൻ കേന്ദ്രം തയ്യാറാകുകയും ചെയ്തിരുന്നു. ഹര്‍ജി തളളാതെ പരിഗണിക്കുന്നുവെന്നത് മാത്രമാണ് കേരളത്തിന് ഇപ്പോൾ ആശ്വാസകരമായുളളത്. എന്നാൽ ഭരണഘടനാ ബെഞ്ചിന് വിട്ടതിനാൽ ഉടൻ വിധിയുണ്ടാകില്ലെന്ന് വ്യക്തം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നു, എന്നാൽ ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി കേന്ദ്ര സർക്കാർ ബജറ്റ് അവതരണത്തിന്റെ തലേ ദിവസം എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളത്തിന്റെ വാദം.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ 2023 -24 സാമ്പത്തിക വർഷത്തിൽ GSDP യുടെ 4.25 ശതമാനം കേരളം ഇത് വരെ കടം എടുത്തിട്ടുണ്ട് എന്നും, ഇനി 25000 കോടി കൂടി കടമെടുക്കാൻ അനുവദിച്ചാൽ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രത്തിന്റെ ആരോപണം. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *