കേരളത്തിലും സിഎഎ നടപ്പാക്കും: അമിത് ഷാ
ന്യൂഡൽഹി: കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സിഎഎയുടെ കാര്യത്തിൽ സർക്കാരിന് വീട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന തരത്തിൽ കേരളം, പശ്ചിമബംഗാൾ,തമിഴ്നാട് മുഖ്യമന്ത്രിമാർ സ്വീകരിച്ച നിലപാട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ ഭരണഘടനാവിരുദ്ധമല്ല. ഭരണഘടനയുടെ പതിനൊന്നാം അനുച്ഛേദം പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങളുണ്ടാക്കാനുള്ള എല്ലാ അധികാരങ്ങളും പാർലമെന്‍റിന് നൽകുന്നുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രീണന രാഷ്ട്രീയത്തിനായി അവർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുകയെന്നത് രാജ്യത്തിന്‍റെ പരമാധികാര തീരുമാനമാണ്. ആരുടെയും വാതിൽ കൊട്ടി അടയ്ക്കാനല്ല നിയമം. ഇതൊരു പ്രത്യേക നിയമമാണ്. ദേശീയ സുരക്ഷയിൽ ഒരു വീട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.