കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല; ‘തൃശൂരിൽ ആർഎസ്എസ് ക്യാംപിൽ എഡിജിപിക്ക് ക്ഷണമില്ലായിരുന്നു
തിരുവനന്തപുരം∙ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്നും സ്വകാര്യ സന്ദർശനമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം വ്യക്തമല്ല. ആർഎസ്എസ് നേതാക്കളെ കാണാൻ ഔദ്യോഗിക കാർ ഒഴിവാക്കി പോയതും, സൗഹൃദക്കൂടിക്കാഴ്ചയാണോ എന്നതും വ്യക്തമല്ല. സ്വകാര്യ, കുടുംബ ചടങ്ങുകളുടെ ഭാഗമായല്ല കൂടിക്കാഴ്ച നടത്തിയത്. രണ്ടു വ്യക്തികൾ മാത്രമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത് എന്നതിനാൽ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല. തൃശൂരിൽ ആർഎസ്എസുകാർ മാത്രം പങ്കെടുത്ത ക്യാംപിൽ എഡിജിപിക്ക് ക്ഷണമുണ്ടായിരുന്നില്ല. പൊതുജനത്തിനും പ്രവേശനം ഉണ്ടായിരുന്നില്ല.
രാഷ്ട്രപതിയുടെ മെഡൽ കിട്ടാനും സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തിനുമാണ് കൂടിക്കാഴ്ചയെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നു. ഇതിനുള്ള തെളിവുകൾ ലഭിച്ചില്ല. ഉദ്ദേശ്യം അതല്ലെന്നതിനും തെളിവില്ല. മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അജിത് കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
മൊഴി ഇങ്ങനെ: തൃശൂർ സന്ദർശന വേളയിലാണ് ആർഎസ്എസ് നേതാവായ സുഹൃത്ത് എ.ജയകുമാറിനെ കണ്ടത്. ജയകുമാറാണ് ആർഎസ്എസ് നേതാക്കൾ തൃശൂരിലുള്ള കാര്യം പറഞ്ഞത്. ആർഎസ്എസ് നേതാക്കളെ സ്വകാര്യമായി കാണാനുള്ള താൽപര്യം താൻ പ്രകടിപ്പിച്ചു. ജയകുമാർ ഏർപ്പാടാക്കിയ കാറിൽ കൂടിക്കാഴ്ചയ്ക്കായി പോയി. സ്വകാര്യ സന്ദർശനമായതിനാൽ ഔദ്യോഗിക കാർ ഒഴിവാക്കി. കൂടിക്കാഴ്ച ഏതാനും മിനിറ്റുകൾ നീണ്ടു നിന്നു.
ദേശീയ മാധ്യമം കോവളത്ത് സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. മുൻ ബിജെപി ജനറൽ സെക്രട്ടറിയും ചടങ്ങിൽ ഉണ്ടായിരുന്നു. ഹോട്ടലിലെ ആയുർവേദ ചികിത്സ സംബന്ധിച്ച പ്രസന്റേഷൻ കാണാൻ റാം മാധവിന്റെ മുറിയിലേക്ക് ഹോട്ടൽ മാനേജർക്കൊപ്പം ക്ഷണപ്രകാരം പോയി. ഇതും സ്വകാര്യ സന്ദർശനമായിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള സൗഹൃദം ഡ്യൂട്ടി നിർവഹിക്കുന്നതിന് സഹായകരമാകും. വിവിധ പാർട്ടികളിലെ നേതാക്കളെ കാണാറുണ്ടെന്നും എഡിജിപി മൊഴി നൽകി.
എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ടി.പി.രാമകൃഷ്ണന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.