കേരള സർവകലാശാല കലോത്സവത്തിൽ കോഴ: 3 പേർ അറസ്റ്റിൽ

0

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിൽ വിധി നിർണയത്തിന് പണംവാങ്ങിയെന്ന പരാതിയിൽ വിധികർത്താവും പരിശീലകരുമടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ചൊവ്വ സ്വദേശിയും വിധികർത്താവുമായ ഷാജി (52), നൃത്തപരിശീലകനും ഇടനിലക്കാരനുമായ കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), പരിശീലകനായ മലപ്പുറം താനൂർ സ്വദേശി സി സൂരജ് (33) എന്നിവരാണ് അറസ്റ്റിലായത്. വെള്ളി രാത്രിനടന്ന മാർഗംകളിയുടെ വിധിനിർണയത്തിന് പണംവാങ്ങിയെന്ന കലോത്സവ സംഘാടക സമിതിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

മുൻ കലോത്സവങ്ങളിലെ പരാതികൾ കണക്കിലെടുത്ത് ഇത്തവണ വിധികർത്താക്കളുടെ മൊബൈൽ ഫോണുകൾ മത്സരം പൂർത്തിയാകുന്നതുവരെ സംഘാടക സമിതി അംഗങ്ങളാണ് സൂക്ഷിച്ചിരുന്നത്. മത്സരം നടക്കുന്നതിനിടയിൽ ഷാജിയുടെ മൊബൈൽ ഫോണിലേക്ക് ജോമെറ്റും സൂരജും പലതവണ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്‌തത്‌ സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മൊബൈൽഫോൺ ഫിംഗർലോക്ക് ആയിരുന്നതിനാൽ ആ സമയത്ത് പരിശോധിക്കാൻ സാധിച്ചില്ല. ഫലപ്രഖ്യാപനത്തെ തുടർന്ന് പരാതി ലഭിച്ചതോടെയാണ് സംഘാടക സമിതി പരിശോധന നടത്തിയത്. വിധികർത്താക്കളുടെ സമ്മതത്തോടെ മൊബൈൽ ഫോണുകളും പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായതും പൊലീസിൽ പരാതി നൽകിയതും. പൊലീസിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തിരുവാതിര, ദഫ്മുട്ട് തുടങ്ങിയ മത്സരഫലങ്ങൾക്കെതിരെയും സമാന പരാതികൾ അപ്പീൽ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്ന് സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ‌ അറിയിച്ചു. പരാതികൾ ലഭിച്ച സാഹചര്യത്തിൽ കൃത്യതയ്ക്ക് വേണ്ടിയാണ് മറ്റ് മത്സരങ്ങളും താൽക്കാലികമായി നിർത്തിയതെന്നും വിജയ് മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *