“ഫോക്‌ലോർ എന്നത് സംസ്ക്കാരത്തിൻ്റെ ജനാധിപത്യ പ്രക്രിയ” –ബാലകൃഷ്ണന്‍ കൊയ്യാല്‍

0

നവിമുംബൈ: ഫോക്‌ലോർ എന്നത് ജീവിതത്തിൻ്റെ സമഗ്രതയേയും അതിൻ്റെ ആഴത്തേയും സ്പർശിക്കാൻ
കഴിയുന്നൊരു പ്രക്രിയയും പഠനമേഖലയുമാണ് എന്ന് പ്രമുഖ ഫോക്‌ലോറിസ്റ്റ് ബാലകൃഷ്ണന്‍ കൊയ്യാല്‍.
രാഷ്ട്രീയദിശയിലൂടെ ഫോക്‌ലോറിനെ നിർവചിച്ചാൽ സംസ്ക്കാരത്തിലെ ജനാധിപത്യ പ്രക്രിയയാണ് അതെന്നും അദ്ദേഹം പറഞ്ഞു .മ്യൂസിക്‌ മുംബൈ യുടെയും, ക്ഷീര്‍സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും സഹകരണത്തോടെ നവിമുംബ-വാശി കേരള ഹൗസില്‍ സംഘടിപ്പിച്ച ‘കേളി’യുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരിപാടിയിൽ ‘ഫോക് ലോറും കേരള സമൂഹവും’ എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണന്‍ കൊയ്യാല്‍ . നവോത്ഥാന കാലത്ത് കേരളത്തിൽ നടന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രക്രിയയായിരുന്നു, അതുവരെ പരിഗണിക്കപ്പെടാത്ത ഒരു സമൂഹത്തെ പരിഗണിക്കാനും അതുവരെ കേൾക്കാതിരുന്ന ശബ്ദത്തെയും ജീവിതത്തെയും കേൾക്കാനും പറയാനും കഴിഞ്ഞത് എന്നും ഫോക്‌ലോറിൻ്റെ സാമൂഹ്യ പ്രസക്തി അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാ ശാസ്ത്രീയ കലാരൂപങ്ങളുടെയും മാതാവായ ഫോക്‌ലോറിന് അതിന്റേതായ പരിഗണന കൊടുക്കാൻ പല കാലത്തും കഴിയാതെ പോയിട്ടുണ്ടെന്നും, പക്ഷെ ഇന്ന് കാണുന്ന കേരളത്തിൻ്റെ സംഗീതം സാഹിത്യം തുടങ്ങി സർവമേഖലയിലും ആഴത്തിലുള്ള പ്രസക്തിയുണ്ടാക്കികൊണ്ടാണ് അത് മുന്നോട്ടു പോകുന്നതെന്നും
ബാലകൃഷ്ണന്‍ കൊയ്യാല്‍ പറഞ്ഞു.

ഫോക്‌ലോർ എന്നത് നാടോടി കഥകളിലോ നാടൻപാട്ടിലോ ഒതുങ്ങുന്നതല്ല എന്നും തദ്ദേശീയമായ ഓരോ വ്യവഹാരങ്ങളും,സമൂഹത്തിൻ്റെ അസ്ഥിത്വ൦ തന്നെ നിശ്ചയിക്കുന്നതും ഫോക്‌ലോർ ആണെന്ന് ആമുഖമായി കേളി രാമചന്ദ്രൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് മലയാള സിനിമ ഗാന ശാഖയിലെ ഫോക്‌ലോർ സംസ്‌കൃതി അനാവരണം ചെയ്‌ത സംഗീത പരിപാടിയിൽ പ്രമുഖ സംഗീതജ്ഞരായ സജിത് പള്ളിപ്പുറം ,സൗമ്യ അയ്യപ്പൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തനി നാടൻ ശീലിൽ മെനഞ്ഞെടുത്ത പഴയ പാട്ടുകൾ പലതും ആലാപനത്തിൻ്റെ മികവുകൊണ്ട് ആസ്വാദക മനസ്സുകളെ ഗൃഹാതുരമാക്കി. ഓരോ പാട്ടുകളെയും മനോഹരമായ അവതരണത്തിലൂടെ ശ്യാ൦ ലാൽ പരിചയപ്പെടുത്തി .ചില ഗാനങ്ങൾക്ക് കോറസ്സായി പ്രഭാരാജൻ,ഗായത്രിഗോപകുമാർ ,സുജാത ജയരാജൻ,അർണ മിഷാൽ ,രമേഷ് നായർ എന്നിവരുമുണ്ടായിരുന്നു. കേരളത്തിലെ തബലവാദന രംഗത്തെ പ്രഗത്ഭനായ കൃഷ്ണകുമാർ, കീ ബോഡ് വിദഗ്ദ്ധന്‍ ജോര്‍ജ്ജ് , ഫൈസല്‍ പൊന്നാനിഎന്നിവരുടെ മികച്ച പിന്തുണ ഓരോ ഗാനങ്ങളേയും ഹൃദ്യമാക്കി.

ഫോക്‌ലോറിനെക്കുറിച്ചുള്ള അവബോധം ആസ്വാദകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേളിയുടെ മുപ്പത്തിരണ്ടാം വാർഷികം  സമർപ്പിക്കുന്നത് ഫോക്‌ലോർ ഗവേഷണത്തിൽ ആദ്യമായി ഡോക്റ്ററേറ്റ്‌ നേടിയ പരേതനായ ഡോ.എസ്‌കെ നായർക്കാണ് .

ഡിസംബര്‍ 21,22 ന് നടക്കുന്ന രണ്ടാംഘട്ട ആഘോഷത്തിൽ , കലാമണ്ഡലം സിന്ധു നയിക്കുന്ന നങ്ങിയാര്‍ക്കൂത്ത് നവിമുംബൈയിലെ നെരൂളില്‍ അരങ്ങേറും. ‘കൂടിയാട്ടത്തിലെ ഫോക് ലോര്‍ ‘എന്നതാണ്‌ ഇതിന്‍റെ പ്രമേയം.2025 ജനുവരി 18,19 തിയതികളില്‍ നടക്കുന്ന മൂന്നാം ഘട്ടത്തില്‍, സിന്ധു ദുര്‍ഗ്ഗിൽ നിന്നുള്ള തോല്‍പ്പാവകൂത്തും , ധര്‍മാവരത്തു നിന്നുള്ള നിഴല്‍ നാടക കൂത്തും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ‘പപ്പറ്ററി (പാവക്കളി ) ഫെസ്റ്റിവല്‍’ അരങ്ങേറും.
കലയുടെ സാംസ്കാരിക രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ക്യൂറേററ് ചെയ്ത കലാപരിപാടികള്‍ ആണ് ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്‌ എന്ന് സംഘാടകൻ കേളി രാമചന്ദ്രൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *