ഇ ഡി ഉദ്യോഗസ്ഥരെ നിരീക്ഷിച്ചു കെജ്രിവാൾ; കെജ്രിവാളിനെതിരെ തെളിവുകൾ ലഭിച്ചെന്ന് ഇ ഡി
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എംഎം സുന്ദ്രേഷ്, ജസ്റ്റിസ് ബേല ദ്വിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയുടെ ഹർജി ഇന്ന് പരിഗണിക്കുക.
കെജ്രിവാളിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടെ 150 പേജുള്ള രേഖകൾ കണ്ടെടുത്തതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പറയുന്നു. ഇക്കാര്യത്തിൽ അവർ നടപടിയെടുക്കാൻ സാധ്യതയുണ്ട്. ഇഡി ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ കെജ്രിവാൾ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും അധികൃതർ പറയുന്നു.
കെജ്രിവാളിനെ ഇന്ന് റോസ് അവന്യു കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ കസ്റ്റഡിയില്‍ വേണമെന്ന് ഇ ഡി ആവശ്യപ്പെടും. ഇ ഡി ആസ്ഥാനത്ത് അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കെജ്രിവാളിന് എതിരെ തെളിവുകളുണ്ടെന്നാണ് ഇ ഡി നല്കുന്ന സൂചന.
മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കവിതയെ നേരുത്തേ ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കവിതയും മറ്റ് ചിലരും കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ എഎപി നേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ഇഡി നടത്തിയ പ്രസ്താവനയിൽ പറയുന്നു. ഡൽഹി സർക്കാർ 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും, നടപ്പിലാക്കുന്നതിലും അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായാണ് കേസ്. കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.