കൈകൂലി ചോദിച്ച് കേജ്രിവാൾ, ഇഡിയുടെ വാദം; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവുമായി ബിജെപി
ദില്ലി: ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന ബിജെപി ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിച്ചിരിക്കുന്നത്.
അതേസമയം മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി ചോദിച്ചെന്നാണ് ഇഡി വാദിക്കുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിവരം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസിൽ കെജ്രവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ ഉടൻ നൽകുമെന്നാണ് വിവരം.
മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ വെളിപ്പെടുത്തിയതായി ഇഡി ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ മന്ത്രി അതിഷി ഇന്ന് നടത്തുമെന്ന് വ്യക്തമാക്കി.