മോദി ഗ്യാരണ്ടിക്ക് ബദലായി 10 ഗ്യാരണ്ടികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

മോദി ഗ്യാരണ്ടിക്ക് ബദലായി 10 ഗ്യാരണ്ടികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയാണെങ്കിൽ ആം ആദ്മി പാർട്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പത്തു ഗ്യാരണ്ടികളാണ് അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെച്ചത്.
ജനം കെജ്രിവാളിന്റെ ഗ്യാരണ്ടിയും മോദി ഗ്യാരണ്ടിയും വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഗ്യാരണ്ടിക്ക് തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് ഉണ്ട് എന്ന് വ്യക്തമാക്കിയ കെജ്രിവാൾ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ബിജെപി എന്നും പരാജയപ്പെട്ടിട്ടേ ഉള്ളൂ എന്നും പറഞ്ഞു. 24 മണിക്കൂർ വൈദ്യുതി രാജ്യത്ത് ലഭ്യമാക്കും എന്നുള്ളതാണ് കെജ്രിവാൾ മുന്നോട്ടുവെച്ചിരിക്കുന്ന 10 ഗ്യാരണ്ടികളിൽ ആദ്യത്തേത്. തങ്ങൾ ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ പദ്ധതിയാണിത് എന്നും അദ്ദേഹം പറഞ്ഞു.
1.25 ലക്ഷം കൂടി രൂപ ചെലവഴിച്ച് പാവപ്പെട്ടവർക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാർ മുന്നോട്ടുവച്ച രണ്ടാമത്തെ ഗ്യാരണ്ടി സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തെ പുനരുദ്ധരിക്കുന്ന പദ്ധതിയാണ്. മൂന്നാമത്തെ ഗ്യാരണ്ടിയായി കെജ്രിവാൾ മുന്നോട്ടുവെച്ചത് മികച്ച ആരോഗ്യപരിപാലനമാണ്. ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യത്ത് മതിയായ സൗകര്യങ്ങൾ ഉള്ള സർക്കാർ ആശുപത്രികളില്ലെന്നും മികച്ച ചികിത്സ സൗകര്യം എല്ലാവർക്കും ഉറപ്പു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുകൂടാതെ കർഷകർക്ക് സ്വാമിനാഥൻ കമ്മീഷൻ അനുസരിച്ച് താങ്ങുവില ഉറപ്പാക്കുക, അഗ്നി വീർ പദ്ധതി അവസാനിപ്പിക്കുക, ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് ഇന്ത്യൻ ഭൂമി മോചിപ്പിക്കുക തുടങ്ങിയ ഗ്യാരണ്ടികളും അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.