കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: അക്കൗണ്ടന്റ് വിജയരാജ് അറസ്റ്റിൽ
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സസ്പെൻഷനിലായിരുന്ന ട്രഷറിയിലെ അക്കൗണ്ടന്റ് വിജയരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണ് വിജയരാജിന്റേത്. കാലങ്ങളായി ഇടപാടുകൾ നടത്താത്ത കഴക്കൂട്ടം സബ് ട്രഷറിയിലെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് അഞ്ചു ജീവനക്കാർ ചേർന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
നേരത്തെ ട്രഷറിയിൽ വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് അക്കൗണ്ടന്റ് എം മുജീബ്, ജൂനിയർ സൂപ്രണ്ട് എൻ എസ് ശാലി, സീനിയർ അക്കൗണ്ടന്റ് ബി ഗിരീഷ് കുമാർ, ജൂനിയർ അക്കൗണ്ടന്റ് എൻ ഷാജഹാൻ, എസ് വി ജയരാജ്, ജൂനിയർ സൂപ്രണ്ട് എസ് എസ് സുജ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ധനവകുപ്പിലെ പരിശോധനാ സംഘം നടത്തിയ അന്വേഷണത്തിൽ വ്യാജ ചെക്ക് ഉപയോഗിച്ച് മരിച്ചവരുടെ ഉൾപ്പെടെയുള്ള വിവിധ അക്കൗണ്ടുകളിൽ നിന്ന് ഇവർ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു.
വ്യാജ ചെക്ക് ഉപയോഗിച്ച് സ്വീകാര്യം സ്വദേശിയായ എം മോഹനകുമാരിയിൽ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മോഹനകുമാരി ട്രഷറി ഓഫീസർക്ക് നൽകിയ പരാതിയിൽ രണ്ടുതവണയായി തന്റെ അക്കൗണ്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ പിൻവലിച്ചു എന്നാണ് പറയുന്നത്. ജൂൺ 3,4 തീയതികളിലാണ് വ്യാജ ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ചിരിക്കുന്നത് എന്നും മകൾക്ക് ഒപ്പം ഓസ്ട്രേലിയയിൽ പോയിരുന്നതിനാൽ 2023 മുതൽ പണം എടുക്കാൻ ട്രഷറിയിൽ പോയിരുന്നില്ല എന്നും മോഹനകുമാരി പറയുന്നുണ്ട്.
ജൂൺ 3ന് രണ്ടു ലക്ഷം രൂപയും ജൂൺ 4ന് 50,000 രൂപയുംപിൻവലിച്ചതായി മോഹനകുമാരി അറിയുന്നത് ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങി നാട്ടിലെത്തി ജില്ലാ ട്രഷറിയിൽ എത്തി ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ്. പരേതനായ കെ പി ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്നും 6.70 ലക്ഷം രൂപയും ആർ സുകുമാരന്റെ അക്കൗണ്ടിൽ നിന്ന് 2.90 ലക്ഷം രൂപയും ഇത്തരത്തിൽ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു.
ട്രഷറി ജോയിന്റ് ഡയറക്ടർ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പരേതയായ മാജിതാ ബീഗത്തിന്റെ അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപ കൂടി ഇവർ തട്ടിയെടുത്തതായും എം മുജീബ് മുഖ്യ ട്രഷററുടെ ചുമതലവഹിച്ച ഏഴു ദിവസം കൊണ്ടാണ് 15.10 ലക്ഷം രൂപയിൽ 10.90 ലക്ഷം രൂപയും പിൻവലിച്ചത് എന്നും കണ്ടെത്തിയിരുന്നു.
സ്വന്തം കമ്പ്യൂട്ടർ ലോഗിൻ ഉപയോഗിച്ച് ഏതാനും സെക്കൻഡുകൾ കൊണ്ടാണ് ലക്ഷങ്ങളുടെ ഇടപാടുകൾ മുജീബ് നടത്തിയത് എന്നും സബ് ട്രഷറിയിലെ രണ്ട് ട്രഷറർമാരിൽ മുഖ്യ ട്രഷറർ അവധിയിൽ പ്രവേശിക്കുന്ന സന്ദർഭങ്ങളിൽ ട്രഷററുടെ ചുമതല വഹിച്ചിരുന്നത് മുജീബ് ആണ് എന്നും ട്രഷറി ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്