കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍.
കുറച്ചുകാലമായി പൊന്നമ്മയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് മാറ്റിയത്. ഇളയ സഹോദരനും കുടുംബവുമാണ് പൊന്നമ്മക്ക് ഒപ്പം ആശുപത്രിയില്‍ ഉള്ളത്. ഏക മകള്‍ ബിന്ദു യു എസിലാണ്. സിനിമാപ്രവര്‍ത്തകരും ആരോഗ്യ വിവരം തിരക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് മകള്‍ യുഎസില്‍ നിന്നും നാട്ടില്‍ എത്തിയിരുന്നു. കുറച്ച് ദിവസം മുന്‍പാണ് മകള്‍ തിരികെ പോയത്. ആറ് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയിലെ അമ്മ റോളുകളില്‍ തിളങ്ങിയ താരം കൂടിയാണ് കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
കവിയൂര്‍ പൊന്നമ്മ- തിലകന്‍ ജോഡികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒന്നാണ്. നിരവധി തവണ ആ ജോഡികള്‍ മലയാളികളെ കരയിപ്പിക്കുകയും ചിന്തിപ്പിക്കയും എല്ലാം ചെയ്തിട്ടുണ്ട്. പ്രേം നസീര്‍, സത്യന്‍, മധു, സോമന്‍, സുകുമാരന്‍, വിന്‍സെന്റ്, രാഘവന്‍ എന്നീ പഴയ നടന്‍മാര്‍ക്കൊപ്പം അഭിനയിട്ടുള്ള നടിയാണ് പൊന്നമ്മ.