കവിയൂർ പൊന്നമ്മയെ ഓർക്കുമ്പോൾ…
അംബിക വാരസ്യാർ. (ക്രിയേറ്റീവ് വിങ്ങ് ഡയറക്ടർ ട്രൂ ഇന്ത്യൻ -മുംബൈ.)
2011 ഡിസംബറിലാണ് ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവാതിര ആഘോഷം ഉത്‌ഘാടനം ചെയ്യാനായി കവിയൂർ പൊന്നമ്മ ഞങ്ങളുടെ അതിഥിയായി ഡോംബിവില്ലിയിൽ എത്തിയത് . ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിലായിരുന്നു പ്രോഗ്രാം . കവിയൂർ പൊന്നമ്മയുടെ ഫോട്ടോയുള്ള ഇൻവിറ്റേഷൻ കാർഡുകൾ നെഹ്‌റു മൈതാൻ അയ്യപ്പ പൂജക്ക് നൽകി, ക്ഷണിക്കാൻ തുടങ്ങിയപ്പോൾ തന്നെ സ്ത്രീകൾ ചോദിച്ചു തുടങ്ങിയിരുന്നു മോഹൻ ലാലിൻറെ അമ്മയായി അഭിനയിക്കുന്ന ഇവർ നമ്മുടെ അടുത്ത് വരുമോ . ഞങ്ങൾക്ക് അവരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ സമ്മതിക്കുമോ എന്നൊക്കെയുള്ള സംശയങ്ങൾ . തിരുവാതിര ആഘോഷത്തിന് കവിയൂർ പൊന്നമ്മയെ നിർദേശിച്ചത് ഊർമിള ഉണ്ണി ആയിരുന്നു .
രാവിലെ എയർപോർട്ടിൽ പോയി അവരെ സ്വീകരിക്കാൻ പദ്മ ദിവാകരൻ മേഡത്തെ ചുമതലപ്പെടുത്തി . ഹോട്ടൽ കുഷാലയിൽ എത്തുമ്പോൾ ഞാനും ചന്ദ്രേട്ടനും അവിടെ ഉണ്ടായിരുന്നു. വന്നപാടെ , അന്നത്തെ പ്രോഗ്രാമിന് അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി . തിരുവാതിര കളി കാണാനാണോ എന്നെ കേരളത്തിൽ നിന്നും ഇവിടെ കൊണ്ടുവന്നത് എന്ന്
ഏറെ നിഷ്കളങ്കമായ ചോദ്യം . സർവേഷ് ഹാളിൽ 24 ലധികം ടീമുകൾ പങ്കെടുത്ത തിരുവാതിര ആഘോഷം , ഇടക്ക് ചില പ്രമുഖ കലാകാരൻമാരെ ആദരിക്കൽ , എല്ലാത്തിനും ശേഷം ഞങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചു എല്ലാവർക്കും ഒപ്പം ഉള്ള ഫോട്ടോ സെഷൻ . ഇടക്ക് കടുപ്പമുള്ള ചായ കിട്ടുമോ എന്ന് ചോദിച്ചു .
കുറെ വർഷമായി ഇത്ര അധികം കലാപരിപാടികൾ ഒരുമിച്ചു കാണാൻ സമയം കിട്ടാറില്ലെന്നുള്ള ആത്മഗതം . മറുനാടൻ മലയാളികൾ നന്നായി തിരുവാതിര കളിക്കുന്നുണ്ട് എന്ന കമന്റ് . അതും ലക്ഷ്മി കുറുപ്പ് എന്ന കലാകാരിയെ ആദരിക്കാൻ വീണ്ടും സ്റ്റേജിൽ കയറിയപ്പോൾ , പങ്കെടുത്ത കലാകാരികൾക്കും ഒരുപാട് സന്തോഷം . ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സായാഹ്നനവും ,സന്ധ്യയും , അവരുടെ ഒരു ചിരി മതിയായിരുന്നു കാണാൻ വന്നവരെ ആനന്ദിപ്പിക്കാൻ , പിന്നെയും ഇടക്ക് ഞങ്ങൾ അങ്ങോട്ട് വിളിക്കുമായിരുന്നു . വിശേഷങ്ങൾ പങ്കുവക്കുമായിരുന്നു.
എന്റെ മകൾ ശ്വേതയെ കുറിച്ചും വിളിക്കുമ്പോൾ ചോദിക്കുമായിരുന്നു . അവൾക്ക് ദൈവാനുഗ്രഹമുണ്ടെന്ന് ഓരോ തവണയും പറയുമായിരുന്നു . ഒരു സന്ധ്യക്ക് ഡോംബിവില്ലി മലയാളികളുടെ മനസ്സ് കീഴടക്കിയാണ് അന്ന് അവർ യാത്ര പറഞ്ഞത് . ഇപ്പോൾ എന്നെന്നേക്കുമായി യാത്ര പറഞ്ഞിരിക്കുന്നു . ആത്മപ്രണാമം.