കഠ്‌വ ആക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു; 24 പേരെ കസ്റ്റഡിയിലെടുത്ത് സൈന്യം
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കഠ്‍വയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം തുടരുന്നു.ഭീകരരുമായി ബന്ധമുണ്ടെന്നു കരുതുന്ന 24 പേരെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതർ അറിയിച്ചു. കഠ്‌വയ്ക്കു പുറമേ ഉധംപൂർ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ വനമേഖലകളിലാണു സൈന്യവും പൊലീസും തിരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കു സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിനു നേരെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. കഠ്‌വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡില്‍ നടന്ന ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും 6 പേർക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വനമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനു നേരെ ഒളിച്ചിരുന്ന ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. പ്രതിരോധിച്ച ഇന്ത്യൻ സൈന്യം ആറു ഭീകരരെ വധിച്ചു. പഞ്ചാബിന്റെ പത്താൻകോട്ട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കഠ്‌വ. ഞായറാഴ്ച രജൗറിയിലും ആക്രമണമുണ്ടായിരുന്നു.