ഭീകരവാദികൾ ഒഴിഞ്ഞുപോകാത്ത കശ്മീർ

0

ന്യൂഡല്‍ഹി:മേഖലയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍. 133 മുതല്‍ 138 വരെ ഭീകരര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായി ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
കശ്‌മീര്‍ താഴ്‌വരയില്‍ മാത്രം 65 വിദേശ ഭീകരരും നാട്ടുകാരായ 13 ഭീകരരും പ്രവര്‍ത്തിക്കുന്നു. അതേസമയം ജമ്മു മേഖലയില്‍ 52 മുതല്‍ 57 വരെ വിദേശ ഭീകരരും മൂന്ന് പ്രാദേശിക ഭീകരരും പ്രവര്‍ത്തിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നാല് ഭീകരരാണ് സഞ്ചാരികള്‍ക്ക് നേരെ നിറയൊഴിച്ചത്. ഇതില്‍ വിദേശത്ത് നിന്നുള്ളവരും നാട്ടുകാരുമായ ഭീകരരുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആദില്‍ ഗുരു, ആസിഫ് ഷെയ്ഖ് എന്ന ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആദ്യ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവരെ കണ്ടെത്താനായി സുരക്ഷ ഏജന്‍സികള്‍ തീവ്രമായ തെരച്ചില്‍ തുടരുകയാണ്. റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ ഭാഗമായ ഫാല്‍ക്കണ്‍ സ്ക്വാഡിലെ അംഗങ്ങളാണ് ഇവരെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആക്രമണം നടത്തിയവരെ കണ്ടെത്താനായി വലിയ തെരച്ചില്‍ സുരക്ഷാ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ലക്ഷ്‌കര്‍ ഇ തോയിബ പ്രവര്‍ത്തകര്‍ ഭീകരവിരുദ്ധ പോരാട്ടത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഈ ഭീകരരുടെ സഹായം ആക്രമണം നടത്തിയവര്‍ക്ക് കിട്ടുന്നുണ്ട്. തങ്ങള്‍ക്ക് അവരിലേക്ക് എത്താനാകും മുമ്പ് അവര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ലക്ഷകര്‍ ഇ തോയിബ ഡെപ്യൂട്ടി കമാന്‍ഡര്‍ സെയ്‌ഫുള്ള കസൂരിയാണ് ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അടുത്തിടെ കസൂരി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും ഖൈബര്‍ ഫക്തൂണിലെയും സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുമായും ഐഎസ്‌ഐയുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.ജമ്മുകശ്‌മീരില്‍ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷ ഏജന്‍സികള്‍ക്ക് ഫാല്‍ക്കണ്‍ സ്ക്വാഡ് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവിധ ഭീകരാക്രണങ്ങള്‍ നടത്തിയിട്ടുള്ള സംഘമാണ് ഫാല്‍ക്കണ്‍ സ്ക്വാഡ്. ഇവര്‍ ബാരാമുള്ളയിലടക്കം നിരവധിയിടങ്ങളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളാണ് പലപ്പോഴും ടിആര്‍എഫ് ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ ഇത്തരം ആക്രമണങ്ങള്‍ പരമാവധി നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുധങ്ങളുമായി എത്തി അവര്‍ ആക്രമണം നടത്തി രക്ഷപ്പെടുന്നുവെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

ലഷ്‌കര്‍ ഇ തോയിബയും ജെയ്‌ഷെ മുഹമ്മദും ഹിസ്‌ബുള്‍ മുജാഹിദ്ദീനും യുവാക്കളെ ഭീകരരാക്കുകയും ഓണ്‍ലൈന്‍ വഴി അവരെ സംഘത്തിലേക്ക് ചേര്‍ക്കുകയും ജമ്മുകശ്‌മീരിലെ തെരഞ്ഞെടുത്ത കൊലകള്‍ നടത്തിക്കുകയും ചെയ്യുന്നുവെന്നും ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
ജമ്മുകശ്‌മീരിലെ നിബിഢ വനങ്ങള്‍ സുരക്ഷ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഭീകര സംഘടനകളുടെ ക്യാമ്പുകള്‍ ഇവിടെയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിത്. മാര്‍ച്ചില്‍ സുരക്ഷ ഏജന്‍സികള്‍ പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തിരുന്നു. ഒപ്പം ചില ഭീകരരെ പിടികൂടുകയും ചെയ്‌തു.

മാര്‍ച്ച് 12ന് രണ്ട് ഭീകര പ്രവര്‍ത്തകരെ സിആര്‍പിഎഫും ജമ്മുകശ്‌മീര്‍ പൊലീസും പതിമൂന്ന് രാജസ്ഥാന്‍ റൈഫിള്‍സും ചേര്‍ന്ന് പിടികൂടി. ബന്ദിപ്പുര ജില്ലയിലെ ഗുന്ദ്‌ബാള്‍ വനത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. രണ്ട് ചൈനീസ് ഗ്രനേഡുകളും എകെ47 തോക്കും മാഗസിനുകളും ബുള്ളറ്റുകളും തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്‌തു.

മാര്‍ച്ച് 26ന് ബാരാമുള്ള ജില്ലയിലെ നമലന്‍ വനത്തില്‍ ഭീകരരുടെ ഒരു ഒളിത്താവളം കണ്ടെത്തി തകര്‍ത്തു. ഒപ്പം നിരവധി സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തു. മാര്‍ച്ച് 17ന് കുപ്‌വാര ജില്ലയില്‍ നിന്ന് ഒരു വിദേശ ഭീകരനെ പിടികൂടി. ഇയാളില്‍ നിന്ന് എകെ 47 തോക്കും നാല് മാഗസിനുകളും തിരകളും വാച്ചും മറ്റ് വസ്‌തുക്കളും പിടികൂടി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *